ഷാർജ: പൊതു ബീച്ചുകൾ തുറന്നു കൊടുത്തു

UAE

മാസങ്ങളായി തുടരുന്ന സുരക്ഷാ നിയന്ത്രണങ്ങൾക്ക് ശേഷം, ഷാർജയിലെ എല്ലാ പൊതു ബീച്ചുകളും ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അറിയിച്ചു. കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് സന്ദർശകർക്കായി ഇവ തുറന്നു കൊടുത്തിട്ടുള്ളത്.

ബീച്ചുകളിലെത്തുന്ന സന്ദർശകരോട് മാസ്കുകൾ, സമൂഹ അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മാർച്ച് 17 മുതൽ ഷാർജയിലെ പൊതു ബീച്ചുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കാൻ ആരംഭിച്ചതോടെ, ഷാർജയിലെ വാണിജ്യ, ടൂറിസം മേഖലകളിൽ ജൂൺ 24 മുതൽ കൂടുതൽ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായി സിനിമാ ശാലകൾ, പാർക്കുകൾ, നീന്തൽക്കുളങ്ങൾ എന്നിവ തുറക്കുന്നതോടൊപ്പം ഹോട്ടലുകളുടെ കീഴിലുള്ള സ്വകാര്യ ബീച്ചുകൾക്കും പ്രവർത്തനാനുമതി നൽകിയിരുന്നു. എന്നാൽ പൊതു ബീച്ചുകളിൽ പ്രവേശന വിലക്കുകൾ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Cover Image Source