87000-ത്തിൽ പരം ഇന്ത്യക്കാർ സൗദിയിൽ നിന്ന് മടങ്ങിയതായി ഇന്ത്യൻ എംബസി

Saudi Arabia

കൊറോണ വൈറസ് സാഹചര്യത്തിൽ പ്രവാസികളും, സന്ദർശകരുമുൾപ്പടെ ഇതുവരെ ഏതാണ്ട് 87000-ത്തിൽ പരം ഇന്ത്യക്കാർ സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

“പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ 87000-ത്തിൽ പരം ഇന്ത്യക്കാർ സൗദിയിലെ വിവിധ വിമാനത്താവളങ്ങൾ വഴി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 480-ൽ പരം വിമാന സർവീസുകളാണ് സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് ഇതുവരെ നടത്തിയത്. 162000-ത്തോളം പേരാണ് ഇതുവരെ നാട്ടിലേക്ക് മടങ്ങുന്നതിനു എംബസിയിൽ രജിസ്റ്റർ ചെയ്‌തത്‌.”, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സായിദ് വ്യക്തമാക്കി. ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകിയ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഉൾപ്പടെയുള്ള എല്ലാ സൗദി സർക്കാർ വകുപ്പുകളോടും അദ്ദേഹം നന്ദി അറിയിച്ചു.