ഖത്തർ: വിദ്യാഭ്യാസ മേഖലയിലെ ഭൂരിപക്ഷം ജീവനക്കാരിലും COVID-19 രോഗബാധയില്ലാ എന്ന് ഉറപ്പാക്കിയതായി സർക്കാർ

GCC News

പുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാരിലും COVID-19 ടെസ്റ്റുകൾ നടത്തിയതായും, ഏതാണ്ട് 98.5% ജീവനക്കാർക്കും രോഗബാധയില്ലാ എന്ന് ഉറപ്പാക്കിയതായും അധികൃതർ വ്യക്തമാക്കി. ഖത്തറിലെ കൊറോണ വൈറസ് സാഹചര്യത്തെക്കുറിച്ചും, പുതിയ അധ്യയന വർഷത്തേക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങൾ പങ്ക് വെച്ച് കൊണ്ടുള്ള പത്രസമ്മേളനത്തിൽ, സർക്കാർ വക്താവ് ഡോ. അബ്ദുല്ല ആത്തിഫ് അൽ ഖാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവർ സംയുക്തമായാണ് ഈ പ്രതിരോധ നടപടികൾ നടപ്പിലാക്കിയത്.

2020-2021 അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപായി രാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും COVID-19 ടെസ്റ്റുകൾ നടത്തുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഓഗസ്റ്റ് 26-നു അറിയിച്ചിരുന്നു. ഖത്തറിലെ കിന്റർഗാർട്ടനുകൾ ഉൾപ്പടെ എല്ലാ വിദ്യാലയങ്ങളിലും, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 1 മുതൽ ഓൺലൈൻ വിദ്യാഭ്യസത്തെയും, ക്ലാസ്സ്മുറികളിൽ നിന്ന് നേരിട്ട് നൽകുന്ന വിദ്യാഭ്യാസ രീതിയെയും സംയോജിപ്പിക്കുന്ന സമ്മിശ്ര രീതിയിലുള്ള അധ്യയനമാണ് നടപ്പിലാക്കുന്നത്.

ഇതിനു പുറമെ, ജൂൺ ആദ്യവാരം മുതൽ രാജ്യത്തെ COVID-19 രോഗബാധയിൽ പ്രകടമായ കുറവ് രേഖപ്പെടുത്തുന്നതായും ഡോ. അൽ ഖാൽ അറിയിച്ചു. നിലവിൽ ഖത്തറിൽ നിന്ന് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന സമ്പർക്ക രോഗബാധിതരിൽ ഭൂരിഭാഗവും ഒരേ കുടുംബാംഗങ്ങൾക്കിടയിൽ അടുത്തിടപഴകാനിടയായതു മൂലം രോഗം ബാധിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ദിനംപ്രതി ഖത്തറിൽ ആയിരത്തിൽ 2 മുതൽ 4 വരെ പേർക്കിടയിൽ പരിശോധനകൾ നടപ്പിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.