സാമ്പത്തിക തട്ടിപ്പും, വ്യക്തിവിവരങ്ങൾ ചോർത്തുന്നതും ലക്ഷ്യമിട്ടുള്ള വിവിധ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. വിവിധതരത്തിലുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ട് ഇത്തരം കുറ്റവാളികൾ അയക്കുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾക്ക് ഇരയാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ ചോർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ, അവ തുറന്നു പരിശോധിക്കുകയോ ചെയ്യുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരുടെ വഞ്ചനകൾക്ക് ഇരയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങളെ തുറക്കുന്നതും, അവയ്ക്ക് മറുപടി നൽകുന്നതും നിങ്ങളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ചോരുന്നതിനും, ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിക്കാൻ ഇടയാക്കാവുന്നതുമാണ്.
ദിനംപ്രതി രൂപം കൊണ്ടുവരുന്ന വിവിധ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും, ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും അവബോധം സ്വയം സൃഷ്ടിക്കേണ്ടത് ഇന്റർനെറ്റ് സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.