കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി കുവൈറ്റിൽ ഏതാണ്ട് 30000-ത്തോളം പ്രവാസികൾക്ക് പിഴ ചുമത്താൻ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഓഗസ്റ്റ് 31-ന് ശേഷം കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകൾക്കാണ് ഇത്തരത്തിൽ പിഴ നടപടികൾ നേരിടേണ്ടിവരുന്നതെന്നാണ് സൂചന.
റെസിഡൻസി പെർമിറ്റുകൾ, സന്ദർശക വിസകൾ എന്നിവ മൂന്ന് മാസത്തേക്ക് സ്വമേധയാ നീട്ടിനൽകാൻ തീരുമാനിച്ചതായി നേരത്തെ കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി അനിസ് അൽ സലേഹ് അറിയിച്ചിരുന്നു. എന്നാൽ ഈ ആനുകൂല്യം ഓഗസ്റ്റ് 31-നു മുൻപ് വിസ കാലാവധികൾ അവസാനിച്ചവർക്ക് മാത്രമാണ് ലഭിക്കുകയെന്നും, ഓഗസ്റ്റ് 31-നു ശേഷം കാലാവധി അവസാനിച്ച വിസകളിലുള്ളവർക്ക് ഈ തീരുമാനപ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ലെന്നുമാണ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
ഇത്തരത്തിൽ ഓഗസ്റ്റ് 31-ന് ശേഷം വിസ കാലാവധി അവസാനിച്ചവർക്ക് പ്രതിദിനം 2 ദിനാർ വീതം പിഴ ചുമത്തുന്നതാണ്. സെപ്റ്റംബർ 1 മുതൽ വിസ കാലാവധി അവസാനിച്ച ആയിരക്കണക്കിന് പ്രവാസികളുടെ വിസകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ തൊഴിലുടമകളുടെ ഭാഗത്തു നിന്ന് നൽകിയിട്ടില്ലെന്നും മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ട്.