വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നതും, നമ്പർ പ്ലേറ്റ് മറച്ച് വെച്ചുകൊണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നതും പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ കർശനമായ ശിക്ഷാ നടപടികൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുന്നതും, അവ വിട്ടുകിട്ടുന്നതിനായി 50000 ദിർഹം പിഴ കെട്ടിവെക്കേണ്ടതുമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
“വ്യാജമായി നിർമ്മിച്ചതോ, നമ്പറുകൾ തിരുത്തിയതോ, മായ്ച്ചതോ ആയ നമ്പർ പ്ലേറ്റുകൾ, മാറ്റങ്ങൾ വരുത്തിയ നമ്പർ പ്ലേറ്റുകൾ, മറച്ചു വെച്ചിട്ടുള്ള നമ്പർ പ്ലേറ്റുകൾ എന്നീ ലംഘനങ്ങൾ ഡ്രൈവറുടെ അറിവോട് കൂടി നടത്തിയിട്ടുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്”, അബുദാബി പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷകളും പോലീസ് പങ്ക് വെച്ചിട്ടുണ്ട്.
- പിഴ – പബ്ലിക് പ്രോസിക്യൂഷൻ തലത്തിൽ നടപടികൾക്കായി ശുപാർശ ചെയ്യുന്നതാണ്.
- വാഹനം പോലീസ് പിടിച്ചെടുക്കുന്നതാണ്.
- ഇത്തരം ലംഘനങ്ങൾക്ക് ട്രാഫിക് ബ്ലാക്ക് പോയിന്റ് ചുമത്തില്ലെങ്കിലും, വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി 50000 ദിർഹം റിലീസ് ഫീസായി അടയ്ക്കേണ്ടതാണ്. മൂന്ന് മാസത്തിനകം ഈ തുക കെട്ടിവെക്കാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നതാണ്. ഈ തുക കെട്ടിവെക്കാതെ വാഹനങ്ങൾ വിട്ടുനൽകുന്നതല്ല.