ദുബായ്: ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിൻ ആറ് സ്ട്രീറ്റുകളിൽ കൂടി നിർമ്മിക്കാൻ തീരുമാനം

featured UAE

എമിറേറ്റിലെ ആറ് പ്രധാന റോഡുകളിൽ കൂടി ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകൾ നിർമ്മിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു.

ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ്, 2nd ഓഫ് ഡിസംബർ സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, അൽ നഹ്ദ സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, നൈഫ് സ്ട്രീറ്റ് എന്നീ പ്രധാന പാതകളിലാണ് ഇത്തരം ലെയിനുകൾ നിർമ്മിക്കുന്നത്. ഈ സ്ട്രീറ്റുകളിൽ ഏതാണ്ട് 13.1 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകൾ നിർമ്മിക്കുന്നത്.

Source: Dubai Media Office.

2025-നും 2027-നും ഇടയിൽ ഇവയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്. ഇതോടെ ദുബായിലെ ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകളുടെ ആകെ ദൈർഘ്യം 20.1 കിലോമീറ്ററായി ഉയരുന്നതാണ്.

ഇത്തരം പാതകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ബസ് യാത്രകൾക്ക് എടുക്കുന്ന സമയം ഏതാണ്ട് 59 ശതമാനം വരെ കുറയ്ക്കുന്നതിന് സാധിക്കുന്നതാണ്. യാത്രാ സമയം കുറയ്ക്കുന്നതിനൊപ്പം ബസ് യാത്രാ സമയക്രമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, പൊതുഗതാഗത സൗകര്യങ്ങളിലേക്ക് കൂടുതൽ യാത്രികരെ ആകർഷിക്കുന്നതിനും, ടാക്സി സേവനങ്ങളുടെ പ്രവർത്തനക്ഷമത കൂട്ടുന്നതിനും RTA ലക്ഷ്യമിടുന്നു.