മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു

featured GCC News

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു. 2024 ഏപ്രിൽ 29, തിങ്കളാഴ്ചയാണ് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഉദ്‌ഘാടനം ചെയ്തത്.

2024 ഏപ്രിൽ 29 മുതൽ മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ വർഷത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്.

മേഖലയിൽ പുസ്തകവായനയുടെ സംസ്കാരം വളർത്തുന്നതിനും, സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ മുപ്പത്തിമൂന്നാമത് പതിപ്പിൽ ഈജിപ്താണ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്.

Source: WAM.

ഉദ്‌ഘാടനത്തിന് ശേഷം ബുക്ക് ഫെയർ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈജിപ്ത് ഉൾപ്പടെയുള്ള വിവിധ പവലിയനുകൾ സന്ദർശിച്ചു. 90 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം പ്രസാധകർ ഇത്തവണത്തെ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്.

‘ലോകത്തിന്റെ ആഖ്യാനങ്ങളുടെ ചുരുളഴിയുന്ന ഇടം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്.