ഒമാൻ: സലാല വിമാനത്താവളത്തിൽ COVID-19 PCR ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു

GCC News

സലാല വിമാനത്താവത്തിലൂടെ സഞ്ചരിക്കുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള COVID-19 PCR ടെസ്റ്റിംഗ് കേന്ദ്രം ഔദ്യോഗികമായി പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഒമാൻ എയർപോർട്സ് അറിയിച്ചു. ഒക്ടോബർ 7, ബുധനാഴ്ച്ചയാണ് ഒമാൻ എയർപോർട്സ് ഇക്കാര്യം അറിയിച്ചത്.

വിമാനത്താവളത്തിലെത്തുന്ന മുഴുവൻ ആളുകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഒമാൻ എയർപോർട്സ് വ്യക്തമാക്കി. ഇതിനാവശ്യമായ മുൻകരുതൽ നടപടികൾ ടെർമിനൽ കെട്ടിടങ്ങൾ, സുരക്ഷാ ചെക്ക്പോയിന്റുകൾ എന്നിവ ഉൾപ്പടെ വിമാനത്താവളത്തിലെ എല്ലാ ഭാഗങ്ങളിലും നടപ്പിലാക്കിയതായി അധികൃതർ കൂട്ടിച്ചേർത്തു.

വിമാനത്താവളങ്ങളിലെത്തുന്ന യാത്രികർക്ക് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ് നേരത്തെ അറിയിച്ചിരുന്നു. യാത്രികർ ‘Tarssud+’ ആപ്പിലൂടെ മുൻകൂറായി ഈ പരിശോധനകൾ ബുക്ക് ചെയ്യേണ്ടതും, ഇതിനു വരുന്ന തുകകൾ ആപ്പിലൂടെ നൽകേണ്ടതുമാണ്. ഇത്തരം പരിശോധനകൾക്ക് വരുന്ന 25 റിയാൽ ഈ ആപ്പിലൂടെ നൽകാവുന്നതാണ്. വിമാനത്താവളത്തിലെ പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ഈ ബുക്കിംഗ് സഹായകമാണ്.

ഈ പരിശോധനകളിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക്, അവർ ഒമാനിൽ 7 ദിവസത്തിൽ താഴെ മാത്രമേ താമസിക്കുന്നുള്ളൂ എങ്കിൽ, സാധാരണ രീതിയിൽ തുടരാവുന്നതാണ്. ഒമാനിൽ 7 ദിവസത്തിലധികം തങ്ങുന്നവർ, കൈകളിൽ ട്രാക്കിംഗ് ബാൻഡ് ധരിക്കുകയും, 14 ദിവസം ക്വാറന്റീനിൽ തുടരുകയും ചെയ്യേണ്ടതാണ്.