സൗദി: ഇതുവരെ 24000-ത്തോളം പേർ ഉംറ തീർത്ഥാടനത്തിൽ പങ്കെടുത്തു

GCC News

ഒക്ടോബർ 4 മുതൽ ഉംറ തീർത്ഥാടനം പുനരാരംഭിച്ച ശേഷം, ഇതുവരെ 24000-ത്തോളം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി പ്രസ് ഏജൻസി ഒക്ടോബർ 7-ന് റിപ്പോർട്ട് ചെയ്‌തു. തീർത്ഥാടകരിൽ ഇതുവരെ COVID-19 കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തീർത്ഥാടന ചുമതലയുള്ള വകുപ്പുകളെ ഉദ്ധരിച്ച് കൊണ്ട് സൗദി പ്രസ് ഏജൻസി അറിയിച്ചിട്ടുണ്ട്.

“ഉംറ തീർത്ഥാടനം നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ 24000-ത്തോളം പേർ തീർത്ഥാടനത്തിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ ആരിലും രോഗബാധ കണ്ടെത്തിയിട്ടില്ല. രോഗപ്രതിരോധം, അണുനശീകരണം, സാമൂഹിക അകലം, ബോധവത്കരണം എന്നിവയിലൂന്നിയാണ് തീർത്ഥാടനം നടപ്പിലാക്കുന്നത്.”, ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വക്താവ് വ്യക്തമാക്കി. “രോഗബാധയുടെ നേരിയ സൂചനകൾ പ്രകടമാക്കുന്നവരെ പോലും ഐസൊലേറ്റ് ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സൗദി ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നടപ്പിലാക്കിയിട്ടുണ്ട്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതാണ്ട് 7 മാസത്തെ ഇടവേളയ്ക്ക് ശേഷം, ഒക്ടോബർ 4, ഞായറാഴ്ച്ച മുതൽ, കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഉംറ തീർത്ഥാടനം പുനരാരംഭിച്ചിരുന്നു. ദിനംപ്രതി തീർത്ഥാടനാനുമതി നൽകുന്ന 6000 തീർത്ഥാടകരെ വിവിധ സംഘങ്ങളായി തിരിച്ച് കൊണ്ട് കർശനമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് തീർത്ഥാടനം നടപ്പിലാക്കുന്നത്. ഓരോ സംഘങ്ങളുടെ തീർത്ഥാടനത്തിനിടയിലും അണുനശീകരണ നടപടികളും, ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിനായി ചെറിയ ഇടവേളകൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.

ഓരോ സംഘങ്ങൾക്കൊപ്പവും ആരോഗ്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുന്നതിനായി ഗ്രാൻഡ് മോസ്‌ക്കിലെ കവാടങ്ങളിലും, ഹാളുകളിലും തെർമൽ ക്യാമറകൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരെ നിരീക്ഷിക്കുന്നതിനായി ഏതാണ്ട് 1000-ത്തോളം ജീവനക്കാരെയാണ് പ്രത്യേകം നിയോഗിച്ചിട്ടുള്ളത്.

തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ ദിനംപ്രതി 6000 തീർത്ഥാടകർക്കാണ് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകുന്നത്. ആദ്യ ഘട്ടം 13 ദിവസം നീണ്ട് നിൽക്കും. ഒക്ടോബർ 18 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ഏതാണ്ട് 15000 തീർത്ഥാടകർക്ക് പ്രതിദിനം അനുമതി നൽകുന്ന രീതിയിലേക്ക് സൗകര്യങ്ങൾ ഉയർത്തുന്നതാണ്. നവംബർ 1 മുതൽ രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് കൂടി ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുമതി നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.