COVID-19 ചികിത്സകൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ട് യു എ ഇ ആരോഗ്യ മന്ത്രാലയം

GCC News

COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്കുള്ള ചികിത്സാ നിർദ്ദേശങ്ങൾ എന്ന രൂപത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ട് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഇത്തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വൈറസ് രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് സർക്കാർ ചികിത്സാ സംവിധാനങ്ങളെ ആശ്രയിക്കാതെ തന്നെ രോഗം ചികിത്സിക്കാമെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ദിനവും പലതരത്തിലുള്ള വിറ്റാമിനുകൾ കഴിച്ച് കൊണ്ട് രോഗം ഭേദമാക്കാമെന്നും, തെറ്റായ ഇത്തരം സന്ദേശങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത്തരം സന്ദേശങ്ങൾ ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മറിച്ചുള്ള കിംവദന്തികൾ വിശ്വസിക്കരുതെന്നും, പങ്ക് വെക്കരുതെന്നും ജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. COVID-19 രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം പിന്തുടരാനും മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു.