യു എ ഇ: വെബ്സൈറ്റുകൾ ദുരുപയോഗം ചെയ്ത് സർക്കാർ വിവരങ്ങൾ ചോർത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

GCC News

അനുമതിയില്ലാതെ സർക്കാർ വിവരങ്ങൾ, സാമ്പത്തിക, വാണിജ്യ മേഖലകളിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനോ, പരിശോധിക്കുന്നതിനോ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം ലക്ഷ്യങ്ങൾക്കായി വെബ്സൈറ്റുകളോ, ഇലക്ട്രോണിക് വിവര സംവിധാനങ്ങളോ, കമ്പ്യൂട്ടർ ശൃംഖലകളോ, മറ്റു ഐ ടി സംവിധാനങ്ങളോ ഉപയോഗിക്കുന്നതും, ദുരുപയോഗം ചെയ്യുന്നതും യു എ ഇയിൽ കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.

ഒക്ടോബർ 30, വെള്ളിയാഴ്ച്ച ട്വിറ്ററിൽ പങ്ക്‌വെച്ച ഒരു വീഡിയോ ദൃശ്യത്തിലൂടെ പബ്ലിക് പ്രോസിക്യൂഷൻ ഇതിന്റെ നിയമവശങ്ങളും, ശിക്ഷാ നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ യു എ ഇയിലെ നിയമങ്ങൾ പ്രകാരം സൈബർ കുറ്റകൃത്യങ്ങളായി കണക്കാക്കുന്നതാണ്.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള യു എ ഇ നിയമം നമ്പർ 5/ 2012-ലെ ആർട്ടിക്കിൾ 4 പ്രകാരം, ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് തടവും, രണ്ടര ലക്ഷം മുതൽ പതിനഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ വിവരങ്ങളിലോ, മറ്റു രഹസ്യ സ്വഭാവമുള്ള വിവരങ്ങളിലോ തിരുത്തലുകൾ, ഒഴിവാക്കലുകൾ, നശിപ്പിക്കൽ, വിവരം ചോർത്തൽ, പൊതുസമൂഹത്തിലേക്ക് പ്രസിദ്ധപ്പെടുത്തൽ എന്നിവ നടത്തിയതായി കണ്ടെത്തുകയാണെങ്കിൽ ഏറ്റവും ചുരുങ്ങിയത് 5 വർഷം തടവും, അഞ്ച് ലക്ഷം മുതൽ ഇരുപത് ലക്ഷം ദിർഹം വരെ പിഴയും ചുമത്താവുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.