2020-ലെ ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 18, വെള്ളിയാഴ്ച്ച വൈകീട്ട് ദോഹ കോർണിഷിൽ കരിമരുന്നു പ്രയോഗം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച്ച വൈകീട്ട് 8.30 മുതലാണ് വെടിക്കെട്ട് നടത്തുന്നത്. ഇതിനു പുറമെ കത്താറ പൈതൃക വില്ലേജിലും പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
വെടിക്കെട്ട് നടക്കുന്ന ഇടത്തേക്കുള്ള പ്രവേശനം കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും അനുവദിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്. ‘Ehteraz’ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ്, മാസ്കുകൾ എന്നിവ സന്ദർശകർക്ക് നിർബന്ധമാണ്. കൊറോണ വൈറസ് സാഹചര്യം മുൻനിർത്തി ഈ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരമാവധി നിയന്ത്രണങ്ങൾ സംഘാടകർ ഏർപ്പെടുത്തുന്നുണ്ട്.
അതേ സമയം, ഈ വർഷത്തെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കോർണിഷിൽ നടക്കുന്ന പരേഡിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതിയെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷാ മുൻനിർത്തിയാണ് ഈ നടപടി.
ദേശീയ ദിനത്തിൽ പരേഡ് നടക്കുന്ന രാവിലെ സമയം, കോർണിഷ് റോഡ് പൂർണ്ണമായും അടയ്ക്കുന്നതാണ്. പ്രത്യേക അനുവാദമില്ലാത്തവർക്ക് ഈ സമയത്ത് മേഖലയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.