രാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ള തൊഴിലുകളിൽ നിലവിൽ പ്രവാസി ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക്, ഇത്തരം ജീവനക്കാരുടെ തൊഴിൽ പദവി പ്രവാസികൾക്ക് അനുവദനീയമായ മറ്റു തൊഴിലുകളിലേക്ക് മാറ്റുന്നതിനുള്ള കാലാവധി നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2021 ജനുവരി 21 വരെയാണ് ഇപ്പോൾ കാലാവധി നീട്ടിനൽകിയിട്ടുള്ളത്. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാനത്തോടെ, ഒമാനിൽ സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ള തൊഴിലുകളിൽ ജോലിചെയ്യുന്ന പ്രവാസി ജീവനക്കാർക്ക്, മറ്റു തൊഴിലുകളിലേക്ക് മന്ത്രാലയം അനുശാസിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മാറുന്നതിന് ജനുവരി 21 വരെ സമയം ലഭിക്കുന്നതാണ്. സ്വദേശിവത്കരണം സംബന്ധിച്ചുള്ള മറ്റു തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും സ്ഥാപനങ്ങൾക്ക് സാവകാശം ലഭിക്കുന്നതാണ്.
സർക്കാർ അനുശാസിക്കുന്ന നിബന്ധനകൾക്ക് വിധേയമായി പ്രവാസി ജീവനക്കാരെ അതെ സ്ഥാപനത്തിൽ തന്നെ മറ്റു പ്രവർത്തന മേഖലകളിലേക്ക് മാറ്റുന്നതിനും, മറ്റു തൊഴിലുടമകൾക്ക് കീഴിലേക്ക് മാറ്റുന്നതിനും ഈ കാലയളവ് ഉപയോഗപ്പെടുത്താവുന്നതാണ്.