ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ ഒരു വാക്സിനേഷൻ കേന്ദ്രം കൂടി എമിറേറ്റിൽ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഫൈസർ വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ 2020 ഡിസംബർ 23 മുതൽ ദുബായിൽ ആരംഭിച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ ആറ് DHA ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് ഫൈസർ COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ കുത്തിവെപ്പുകൾ നൽകിയിരുന്നത്. ഇപ്പോൾ നിലവിലെ ആറ് കേന്ദ്രങ്ങളോടൊപ്പം, പൊതുജനങ്ങൾക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കുന്ന സേവനങ്ങൾ, അൽ സഫ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കൂടി ആരംഭിച്ചതായി DHA ക്ലിനിക്കൽ സപ്പോർട്ട് സർവീസസ് CEO ഡോ. ഫരീദ അൽ ഖാജ വ്യക്തമാക്കി. എമിറേറ്റിൽ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നതിന് അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്താണ് പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിട്ടുള്ളതെന്ന് അവർ കൂട്ടിച്ചേർത്തു.
ഫൈസർ COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നൽകുന്ന DHA ആരോഗ്യ കേന്ദ്രങ്ങൾ:
- അൽ സഫ പ്രൈമറി ഹെൽത്ത് കെയർ സെന്റർ.
- സബീൽ പ്രൈമറി ഹെൽത്ത് കെയർ സെന്റർ.
- അൽ മിസാർ പ്രൈമറി ഹെൽത്ത് കെയർ സെന്റർ.
- നാദ് അൽ ഹമ്ര പ്രൈമറി ഹെൽത്ത് കെയർ സെന്റർ.
- ബർഷ പ്രൈമറി ഹെൽത്ത് കെയർ സെന്റർ.
- അപ്പ്ടൌൺ മിർദിഫ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ.
- ഹത്ത ഹോസ്പിറ്റൽ.
മുൻഗണനാ ക്രമപ്രകാരം നാല് വിഭാഗങ്ങളിലുള്ളവർക്കാണ് ഈ വാക്സിൻ ലഭ്യമാക്കുന്നതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കിയിട്ടുണ്ട്:
- 60 വയസ്സിനു മുകളിൽ പ്രായമുള്ള യു എ ഇ പൗരന്മാർ, പ്രവാസികൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ശാരീരിക വിഷമതകൾ ഉള്ളവർ.
- പൊതു, സ്വകാര്യ മേഖലകളിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പ്രവർത്തകർ.
- നിര്ണ്ണായക മേഖലകളിൽ തൊഴിലെടുക്കുന്നവർ.
- വാക്സിൻ സ്വീകരിക്കാൻ താത്പര്യമുള്ള മറ്റുള്ളവർ.
നിലവിൽ ഇതിലെ ആദ്യ മൂന്ന് വിഭാഗങ്ങളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. നാലാമത്തെ വിഭാഗക്കാർക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് DHA പിന്നീട് അറിയിക്കുന്നതാണ്. DHA-യുടെ സ്മാർട്ട് ആപ്പ്, അല്ലെങ്കിൽ DHA ടോൾ ഫ്രീ നമ്പറായ 800 342 എന്നിവയിലൂടെ യു എ ഇ നിവാസികൾക്ക് ദുബായിൽ ഫൈസർ COVID-19 വാക്സിൻ ലഭിക്കുന്നതിനായി മുൻകൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.