എമിറേറ്റിലെ റോഡുകളിലെ വാഹനങ്ങളുടെ അമിത വേഗത നിരീക്ഷിക്കുന്നതിനായി 14 പുതിയ റഡാർ ഉപകരണങ്ങൾ ജനുവരി 10, ഞായറാഴ്ച്ച മുതൽ പ്രയോഗക്ഷമമാക്കുമെന്ന് റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് റഡാറുകൾ എമിറേറ്റിലെ വിവിധ പ്രധാന തെരുവുകളിലും, റോഡുകളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ജനുവരി 10 മുതൽ പ്രവർത്തനക്ഷമമാകുന്ന ഈ റഡാറുകൾ റോഡിലെ വിവിധ നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും, അതിലൂടെ അപകടങ്ങളുടെ തോത് കുറച്ച് കൊണ്ടുവരുന്നതിനും ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി. റോഡ് നിയമങ്ങൾ കർശനമാക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന റാസ് അൽ ഖൈമ പോലീസിന്റെ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ റഡാർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി അറിയിച്ചു.
അമിത വേഗം മൂലമാണ് ഒട്ടുമിക്ക അപകടങ്ങളും നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി തടയുന്നതിനാണ് പ്രധാനമായും ഈ സംവിധാനത്തിലൂടെ റാസ് അൽ ഖൈമ പോലീസ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിരം അപകടങ്ങൾ നടക്കുന്ന വിവിധ ഇടങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരേസമയം രണ്ട് വശങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ വേഗത ഇവയ്ക്ക് കണ്ടെത്താനാകുമെന്നും, റോഡിലെ എല്ലാ വരികളും ഒരേ സമയം നിരീക്ഷിക്കാൻ ഇവ പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം പരിസ്ഥിതിയ്ക്ക് ഒരു തരത്തിലും ദോഷമുണ്ടാക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
താഴെ പറയുന്ന ഇടങ്ങളിലാണ് ഈ പുതിയ റഡാർ സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നത്:
- റാസ് അൽ ഖൈമയുടെ തെക്ക് ഭാഗത്തുള്ള കദ്ര പാലത്തിനും, ദഫ്ത മേഖലയ്ക്കും ഇടയ്ക്കുള്ള പാതയിലാണ് ഇതിൽ അഞ്ച് സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചിരിക്കുന്നത്. (പരമാവധി അനുവദനീയമായ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ. വാഹനത്തിന്റെ വേഗത മണിക്കൂറിൽ 121 കിലോമീറ്റർ പിന്നിട്ടാൽ ഈ റഡാറിൽ നിയമ ലംഘനമായി രേഖപ്പെടുത്തുന്നതാണ്.)
- റാസ് അൽ ഖൈമയുടെ തെക്ക് ഭാഗത്തുള്ള മേഖലകളിൽ നിന്ന് കൽബ വരെനീളുന്ന അൽ മുനായ് പാതയിൽ മൂന്ന് പുതിയ റഡാർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. (പരമാവധി അനുവദനീയമായ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ. വാഹനത്തിന്റെ വേഗത മണിക്കൂറിൽ 121 കിലോമീറ്റർ പിന്നിട്ടാൽ ഈ റഡാറിൽ നിയമ ലംഘനമായി രേഖപ്പെടുത്തുന്നതാണ്.)
- അൽ ശുഹാദ റോഡിൽ (മാർട്ടിയേർസ് റോഡ്) രണ്ട് പുതിയ റഡാർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. (പരമാവധി അനുവദനീയമായ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ. വാഹനത്തിന്റെ വേഗത മണിക്കൂറിൽ 121 കിലോമീറ്റർ പിന്നിട്ടാൽ ഈ റഡാറിൽ നിയമ ലംഘനമായി രേഖപ്പെടുത്തുന്നതാണ്.)
- ന്യൂ എമിറേറ്റ്സ് റോഡിൽ പുതുതായി തുറന്ന് കൊടുത്ത ഭാഗത്ത് നാല് പുതിയ റഡാർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. (പരമാവധി അനുവദനീയമായ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ. വാഹനത്തിന്റെ വേഗത മണിക്കൂറിൽ 141 കിലോമീറ്റർ പിന്നിട്ടാൽ ഈ റഡാറിൽ നിയമ ലംഘനമായി രേഖപ്പെടുത്തുന്നതാണ്.)