മസ്കറ്റ് മുൻസിപ്പാലിറ്റി COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു; ജനുവരി 17 മുതൽ ശീഷ കഫെകൾ തുറക്കാം

GCC News

വാണിജ്യ മേഖലയിലെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതായി മസ്കറ്റ് മുൻസിപ്പാലിറ്റി ജനുവരി 14 വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു. കൊറോണ വൈറസ് സാഹചര്യത്തിൽ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന താത്‌കാലിക വിലക്കുകളിലും, നിയന്ത്രണങ്ങളിലും ഇളവ് അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ ഭാഗമായാണ് മസ്കറ്റ് മുൻസിപ്പാലിറ്റിയുടെ ഈ തീരുമാനം.

ഈ തീരുമാന പ്രകാരം, വാണിജ്യ മേഖലയിലെ COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നതിനുള്ള എട്ടാം പാക്കേജ് ജനുവരി 14, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന ഇളവുകളാണ് നിലവിൽ മസ്കറ്റ് മുൻസിപ്പാലിറ്റി അനുവദിച്ചിട്ടുള്ളത്.

  • ജനുവരി 17, ഞായറാഴ്ച്ച മുതൽ ശീഷ കഫെകൾക്ക് തങ്ങളുടെ സേവനങ്ങൾ പുനരാരംഭിക്കാവുന്നതാണ്.
  • ഷോപ്പിംഗ് മാളുകളിൽ സ്ഥിതി ചെയ്യുന്ന പ്രാർത്ഥനാ മുറികൾ തുറക്കാൻ തീരുമാനം. ഈ തീരുമാനം ജനുവരി 14 വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
  • വിവാഹ ഹാളുകളിൽ പരമാവധി ശേഷിയുടെ 50 ശതമാനത്തിൽ കൂടുതൽ പേർക്ക് പ്രവേശനം നൽകാൻ അനുമതി. എന്നാൽ ഇത് ഹാളിനകത്ത് പരമാവധി 250 പേർ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം ജനുവരി 14 വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.