ദുബായ്: വിവാഹങ്ങൾ, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവയ്ക്ക് ജനുവരി 27 മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

featured GCC News

എമിറേറ്റിലെ വിവാഹങ്ങൾ, ആഘോഷ പരിപാടികൾ, സ്വകാര്യ ഒത്ത്ചേരലുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ മുതലായവയിൽ ആളുകൾ ഒത്ത് കൂടുന്നത് സംബന്ധിച്ച് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് പുതിയ ഉത്തരവ് പുറത്തിറക്കി. ജനുവരി 22, വെള്ളിയാഴ്ച്ച രാത്രിയാണ് ഇത്തരം ചടങ്ങുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുളള അറിയിപ്പ് അധികൃതർ നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ദുബായിൽ വെച്ച് നടക്കുന്ന വിവാഹങ്ങൾ, ആഘോഷ പരിപാടികൾ, സ്വകാര്യ ഒത്ത്ചേരലുകൾ, മറ്റു സാമൂഹിക ചടങ്ങുകൾ മുതലായവയിൽ പരമാവധി 10 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളത്. ഇത്തരം ചടങ്ങുകൾക്കായി, ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് ഒത്ത് ചേരുന്നതെന്നും ഉറപ്പാക്കേണ്ടതാണ്.

വീടുകളിലും, ഹോട്ടലുകളിലും, മറ്റു വേദികളിലും വെച്ച് സംഘടിപ്പിക്കുന്ന മുഴുവൻ ചടങ്ങുകൾക്കും ഈ തീരുമാനം ബാധകമാണ്. ജനുവരി 27, ബുധനാഴ്ച്ച മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.