മറ്റു എമിറേറ്റുകളിൽ നിന്ന് പ്രവേശിക്കുന്നവർക്ക് അൽഹൊസൻ ആപ്പ് നിർബന്ധമാണെന്ന് അബുദാബി പോലീസ്

featured UAE

ഫെബ്രുവരി 1 മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യു എ ഇ നിവാസികളോട് യു എ ഇയിലെ COVID-19 കോണ്ടാക്ട് ട്രേസിങ്ങ് ആപ്പായ അൽഹൊസൻ സ്മാർട്ട്ഫോണുകളിൽ പ്രവർത്തനക്ഷമമാക്കാൻ അബുദാബി പോലീസ് നിർദ്ദേശിച്ചു. 2021 ഫെബ്രുവരി 1, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി തീരുമാനിച്ച സാഹചര്യത്തിലാണ് അബുദാബി പോലീസ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്.

ജനുവരി 30, ശനിയാഴ്ച്ചയാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഫെബ്രുവരി 1 മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ COVID-19 നെഗറ്റീവ് ടെസ്റ്റ് റിസൾട്ട്, ഏത് തരം പരിശോധനയാണ് നടത്തിയത് മുതലായ വിവരങ്ങൾ ആപ്പിലൂടെ അധികൃതർക്ക് നൽകേണ്ടതാണ്.

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ജനുവരി 30-ന് കമ്മിറ്റി അറിയിച്ചിരുന്നു. ഇത് പ്രകാരം മറ്റു എമിറേറ്റുകളിൽ നിന്ന് താഴെ പറയുന്ന രീതിയിലുള്ള പരിശോധനാ ഫലങ്ങൾ ഉപയോഗിച്ച് അബുദാബിയിലേക്ക് പ്രവേശിക്കാവുന്നതാണ്:

  • അബുദാബിയിലെത്തുന്നതിനു മുൻപ് 48 മണിക്കൂറിനുള്ളിൽ നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇത്തരക്കാർക്ക് നാല് ദിവസത്തിൽ കൂടുതൽ അബുദാബിയിൽ തങ്ങുന്നതിന് നാലാം ദിവസത്തിലും, എട്ട് ദിവസത്തിൽ കൂടുതൽ തങ്ങുന്നതിന് എട്ടാം ദിനത്തിലും (നാലാം ദിനത്തിലുള്ള പരിശോധന കൂടാതെ) COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • അബുദാബിയിലെത്തുന്നതിനു മുൻപ് 24 മണിക്കൂറിനുള്ളിൽ നേടിയ DPI നെഗറ്റീവ് റിസൾട്ട് ഉപയോഗിച്ച് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. 48 മണിക്കൂറോ, അതിൽ കൂടുതലോ അബുദാബിയിൽ തങ്ങുന്നവർക്ക് മൂന്നാം ദിവസത്തിലും, ഏഴോ, അതിൽ കൂടുതലോ തുടർച്ചയായി തുടരുന്നവർ ഏഴാം ദിനത്തിലും COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. തുടർച്ചയായി വീണ്ടും എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് DPI റിസൾട്ട് ഉപയോഗിക്കാൻ അനുമതി ഉണ്ടായിരിക്കില്ല.