രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനായി വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. വാണിജ്യ മേഖല, വിനോദ മേഖല, കായിക മേഖല, വിദ്യാഭ്യാസ രംഗം, ഗതാഗതം, സാമൂഹിക ചടങ്ങുകൾ തുടങ്ങി വിവിധ മേഖലകളിൽ ഇതിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 4-ന് വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്ത് ദിനംപ്രതി രേഖപ്പെടുത്തുന്ന കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഖത്തർ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇതോടെ ഗൾഫ് മേഖലയിൽ കഴിഞ്ഞ ഏതാനം ദിനങ്ങൾക്കിടയിൽ പ്രതിരോധ നടപടികൾ കർശനമാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും ഇടം പിടിച്ചിട്ടുണ്ട്.
വാണിജ്യ, വിനോദ മേഖലയിലെ നിയന്ത്രണങ്ങൾ:
- ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വ്യാപാരകേന്ദ്രങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമാണ് സന്ദർശനം അനുവദിക്കുന്നത്. ഇത്തരം വാണിജ്യ കേന്ദ്രങ്ങളിലെ വിനോദകേന്ദ്രങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഫുഡ് കോർട്ടുകളിൽ പാർസൽ സേവനങ്ങൾ മാത്രം നൽകാൻ തീരുമാനം.
- റെസ്റ്ററന്റുകളിൽ ഔട്ട്ഡോറിൽ 50 ശതമാനം പേർക്കും, ഇൻഡോറിൽ 15 ശതമാനം പേർക്കും മാത്രമാണ് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഖത്തർ ക്ലീൻ പ്രോഗ്രാമിന് കീഴിലുള്ള റെസ്റ്ററന്റുകളിൽ ഇൻഡോറിൽ 30 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
- ഇൻഡോറിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്വിമ്മിങ് പൂളുകളും, വാട്ടർ പാർക്കുകളും അടച്ചിടാൻ തീരുമാനം. ഔട്ട്ഡോറിൽ പ്രവർത്തിക്കുന്ന ഇത്തരം ഇടങ്ങളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് സേവനങ്ങൾ നൽകാം.
- ഇൻഡോറിൽ പ്രവർത്തിക്കുന്ന മുഴുവൻ തീം പാർക്കുകളും, വിനോദകേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനം. ഔട്ട്ഡോറിൽ പ്രവർത്തിക്കുന്ന ഇത്തരം ഇടങ്ങളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് സേവനങ്ങൾ നൽകാം.
- മ്യൂസിയം, ലൈബ്രറി തുടങ്ങിയ ഇടങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് പ്രവേശനാനുമതി.
- ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരമുള്ള എക്സിബിഷനുകൾ, സമ്മേളനങ്ങൾ, വാണിജ്യ മേളകൾ എന്നിവയ്ക്ക് മാത്രം അനുമതി.
- സൂഖുകളിലെ പ്രവേശനം 50 ശതമാനമാക്കി കുറയ്ക്കും.
- മൊത്തവ്യാപാര മാർക്കറ്റുകളിലെ പ്രവർത്തനം 30 ശതമാനമാക്കി ചുരുക്കും.
- ബാർബർഷോപ്പുകൾ, ഹെയർ ഡ്രെസ്സർ എന്നിവിടങ്ങളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് പ്രവേശനം.
- ഹെൽത്ത് ക്ലബ്, ജിം, സ്പാ എന്നിവയിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് പ്രവേശനം. സൗന ബാത്ത്, ജക്കൂസി, മസാജ് സേവനങ്ങൾ എന്നിവ അടച്ചിടും.
സാമൂഹിക ചടങ്ങുകൾ, ഒത്ത് ചേരലുകൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ:
- ഇൻഡോറിൽ നടക്കുന്ന എല്ലാ സാമൂഹിക ചടങ്ങുകളിലും പരമാവധി 5 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകുന്നത്. ഔട്ട്ഡോറിൽ വെച്ചുള്ള ഇത്തരം ചടങ്ങുകളിൽ പരമാവധി 15 പേർക്ക് പങ്കെടുക്കാം.
- വീടുകളിലും, മജ്ലിസുകളിലും ഒഴികെ നടക്കുന്ന വിവാഹങ്ങൾക്ക് അനുമതി നൽകില്ല. ഇൻഡോറിലോ, ഔട്ട്ഡോറിലോ ഇത്തരം ചടങ്ങുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കിയിട്ടുണ്ട്.
- വീടുകളിൽ നടക്കുന്ന വിവാഹങ്ങളിൽ അടുത്ത ബന്ധുക്കൾ വധൂവരന്മാർ എന്നിവർക്ക് മാത്രം അനുമതി. വീടുകൾക്കകത്ത് നടക്കുന്ന ചടങ്ങുകളിൽ പരമാവധി 10 പേർക്കും, പുറത്ത് നടക്കുന്ന ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. ഇത്തരം ചടങ്ങുകളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് മുൻകൂട്ടി വിവരം നൽകേണ്ടതാണ്. പൂർണ്ണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ചടങ്ങുകൾ.
വിദ്യാഭ്യാസ രംഗത്ത് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ:
- നഴ്സറികളിലും, ചൈൽഡ് കെയർ സെന്ററുകളിലും പരമാവധി ശേഷിയുടെ 30 ശതമാനം കുട്ടികളെ പ്രവേശിപ്പിക്കാം.
- പ്രത്യേക പരിചരണം ആവശ്യമാകുന്ന കേന്ദ്രങ്ങളിൽ 1:1 അനുപാതത്തിൽ പ്രവർത്തനാനുമതി.
- സ്വകാര്യ ട്രെയിനിങ്ങ് സെന്ററുകളിൽ പരമാവധി ശേഷിയുടെ 30 ശതമാനം കുട്ടികളെ പ്രവേശിപ്പിക്കാം.
ഗതാഗത മേഖലയിലെ നിയന്ത്രണങ്ങൾ:
- ബോട്ടുകൾ വാടകയ്ക്ക് നൽകുന്ന സേവനങ്ങൾ നിർത്തിവെച്ചു.
- സ്വകാര്യ ബോട്ടുകളിൽ പരമാവധി 15 പേർക്ക് മാത്രം അനുമതി.
കായിക മേഖലയിലെ നിയന്ത്രണങ്ങൾ:
- പാർക്ക്, കോർണിഷ്, ബീച്ച് എന്നിവിടങ്ങളിൽ പരമാവധി 15 പേർക്ക് മാത്രം ഒത്ത്ചേരാൻ അനുമതി.
- ഇത്തരം ഇടങ്ങളിലെ തുറന്ന കളിസ്ഥലങ്ങൾ, ജിം ഉപകരണങ്ങൾ എന്നിവ പ്രവർത്തിക്കുന്നതല്ല.
- എല്ലാ കായിക പരിപാടികൾക്കും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻകൂർ അനുമതി നിർബന്ധമാക്കി. തുറന്ന ഇടങ്ങളിൽ 20 ശതമാനം കാണികൾക്ക് അനുമതി. അടച്ചിട്ട ഇടങ്ങളിലെ കായിക വിനോദങ്ങളിൽ കാണികളെ പങ്കെടുപ്പിക്കരുത്.
- സ്പോർട്സ് ട്രെയിനിങ്ങ് പരിപാടികളിൽ പുറത്ത് 40 പേർക്കും, അടച്ചിട്ട ഇടങ്ങളിൽ 20 പേർക്കും അനുമതി. കാണികൾക്ക് അനുമതിയില്ല.