ഷാർജ: COVID-19 നിയന്ത്രണങ്ങൾ കർശനമാക്കുന്നു; പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനശേഷി 50 ശതമാനമാക്കി കുറച്ചു

UAE

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി എമിറേറ്റിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി ഷാർജയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അറിയിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരമുള്ള സുരക്ഷാ നടപടികളാണ് ഷാർജയിൽ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി വാണിജ്യ മേഖലയിലും, പൊതു ഗതാഗത രംഗത്തും, മറ്റു മേഖലകളിലും നടപ്പിലാക്കുന്ന വിവിധ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ചും അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി 9 മുതൽ ഈ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

  • പൊതു ഗതാഗത സംവിധാനങ്ങൾ അവയുടെ പ്രവർത്തനശേഷിയുടെ 50 ശതമാനത്തിൽ പ്രവർത്തിക്കുന്നതാണ്.
  • വാണിജ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം 60 ശതമാനം ശേഷിയിൽ നിജപ്പെടുത്തി. സന്ദർശകർക്കിടയിൽ 2 മീറ്റർ അകലം ഉറപ്പാക്കണം.
  • സിനിമ, വിനോദ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം പരമാവധി ശേഷിയുടെ 50 ശതമാനമാക്കി. സന്ദർശകർക്കിടയിൽ 2 മീറ്റർ അകലം ഉറപ്പാക്കണം.
  • ജിം, ഫിറ്റ്നസ് സെന്റർ എന്നിവയുടെ പ്രവർത്തനം പരമാവധി ശേഷിയുടെ 50 ശതമാനമാക്കി.
  • പൊതു പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് മാത്രം പ്രവേശനം.
  • ഹോട്ടലുകളുടെ കീഴിലുള്ള സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം പരമാവധി ശേഷിയുടെ 50 ശതമാനമാക്കി.
  • സംഗീത നിശകൾ പോലുള്ള പരിപാടികൾ നാലാഴ്ച്ചത്തേക്ക് നീട്ടിവെക്കും. ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടുമെന്നും അധികൃതർ വ്യക്തമാക്കി.
  • റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ ഒരു മേശമേൽ പരമാവധി നാല് പേർക്ക് മാത്രം ഇരിപ്പിടം അനുവദിക്കാം. ഒരേ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ഈ നിയമത്തിൽ ഇളവുണ്ട്. മേശകൾക്കിടയിൽ 2 മീറ്റർ അകലം ഉറപ്പാക്കണം.
  • എമിറേറ്റിലെ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർക്ക് PCR ടെസ്റ്റ് നിർബന്ധം.
  • സ്വകര്യ മേഖലയിലെ സേവനദാതാക്കൾക്ക് രണ്ടാഴ്ച്ച തോറും PCR ടെസ്റ്റ് നിർബന്ധം. വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ഇതിൽ ഇളവ് അനുവദിക്കും.