രാജ്യത്തെ 3 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഫെബ്രുവരി 22, തിങ്കളാഴ്ച്ച മുതൽ മോഡേണ COVID-19 വാക്സിൻ നൽകിത്തുടങ്ങുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു. മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ ഖത്തർ ആരോഗ്യ മന്ത്രാലയം 2021 ഫെബ്രുവരി 10-ന് തീരുമാനിച്ചിരുന്നു.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണ് മോഡേണ COVID-19 വാക്സിൻ നൽകുന്നത്:
- Al Wajba
- Lebaib
- Thumama
രാജ്യത്തെ നിവാസികൾക്ക് ഏറ്റവും സുരക്ഷിതമായ COVID-19 വാക്സിൻ നൽകുക എന്ന നയത്തിന്റെ ഭാഗമായി ഫൈസർ വാക്സിനൊപ്പം, മോഡേണ വാക്സിൻ കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതായി നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി. സമഗ്രമായ വിശകലനങ്ങൾക്കും, പരിശോധനകൾക്കും ശേഷമാണ് ഈ വാക്സിന് അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ജനങ്ങൾക്ക് ആശങ്കകൾ ഉണ്ടാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ കുത്തിവെപ്പിന് ബുക്കിംഗ് ചെയ്യുന്നവരെ ഫൈസർ, മോഡേണ എന്നീ വാക്സിനുകളിൽ നിന്ന് ഏത് കുത്തിവെപ്പാണ് നൽകുന്നതെന്ന് സംബന്ധിച്ച് ആരോഗ്യ വകുപ്പ് നേരിട്ടറിയിക്കുന്നതാണ്.