ബഹ്‌റൈൻ: മാർച്ച് 4 മുതൽ രാജ്യത്തെ പള്ളികൾ നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കാൻ തീരുമാനം

featured GCC News

2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികൾ ഫജ്ർ, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു. മാർച്ച് 2-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ സുപ്രീം കൌൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സിന്റെയും, നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സിന്റെയും നിർദ്ദേശങ്ങളെത്തുടർന്നാണ് ഈ തീരുമാനം. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അധികൃതർ വ്യക്തമാക്കി.

പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി പള്ളികളിലെത്തുന്നവർ പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ അധികൃതർ നിരീക്ഷിച്ച് വരുന്നതായും ആവശ്യമെങ്കിൽ ഈ തീരുമാനത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്തെ പള്ളികളിലേക്ക് പ്രാർത്ഥനകൾക്കും, മറ്റു മതപരമായ ചടങ്ങുകൾക്കുമായി വിശ്വാസികൾ പ്രവേശിക്കുന്നതിന് ഫെബ്രുവരി 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് ബഹ്‌റൈൻ താത്‌കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്കുകളാണ് ഇപ്പോൾ ഭാഗികമായി പിൻവലിച്ചിരിക്കുന്നത്.