ഷാർജ: എമിറേറ്റിലെ വിദ്യാലയങ്ങളിൽ ഒരു ദിവസം ഒരു പരീക്ഷയിൽ കൂടുതൽ നടത്തുന്നതിന് അനുമതിയില്ല

UAE

ഷാർജയിലെ വിദ്യാലയങ്ങളിൽ പ്രതിദിനം പരമാവധി ഒരു പരീക്ഷ നടത്തുന്നതിന് മാത്രമാണ് ഇനി മുതൽ അനുമതി ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്.

ഒന്നിലധികം പരീക്ഷകൾ ഒരേ ദിവസം നടത്തുന്നത് വിദ്യാർത്ഥികളിൽ ഉണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. ഒരു വിദ്യാർത്ഥിക്ക് ഒരേ ദിനം ഒന്നിലധികം പരീക്ഷകൾ എഴുതേണ്ടി വരുന്ന സാഹചര്യത്തിൽ ഉടലെടുക്കുന്ന പരാജയ ഭീതി, മാനസിക സമ്മർദ്ദം എന്നിവ അവരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നതായി രക്ഷിതാക്കളിൽ നിന്നുള്ള പരാതികൾ ഷാർജ ഭരണാധികാരിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരം ഒരു തീരുമാനം അധികൃതർ കൈക്കൊണ്ടത്. മാർച്ച് 12-നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകിയതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) ഡയറക്ടർ അലി അൽഹൊസ്‌നി അറിയിച്ചു. എമിറേറ്റിലെ വിദ്യാലയങ്ങളിൽ ഒരേ ദിനം ഒന്നിലധികം പരീക്ഷകൾ നടത്താൻ അനുമതിയില്ലെന്ന് അദ്ദേഹം വ്യക്തത നൽകി.