ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ബാധകമല്ല

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, അവർ കൊണ്ടുവരുന്ന ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ബാധകമല്ലെന്ന് ഒമാൻ ടാക്സ് അതോറിറ്റി നികുതി സംബന്ധമായി പുറത്തിറക്കിയ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്ത് VAT നടപ്പിലാകുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ടാക്സ് അതോറിറ്റി തലവൻ H.E. സൗദ് ബിൻ നാസ്സർ അൽ ഷുഖൈലി നേരത്തെ പുറത്തിറക്കിയ കാര്യനിര്‍വ്വഹണ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന എക്സിക്യൂട്ടീവ് റെഗുലേഷൻസ് ഫോർ വാല്യൂ ആഡെഡ് ടാക്സ് രേഖകൾ പ്രകാരമാണ് ഇത്തരം സാധനങ്ങൾക്ക് ഈ നികുതി ബാധകമാകില്ലെന്ന് വ്യക്തമാകുന്നത്.

53/2021 എന്ന ഉത്തരവാണ് ഒമാൻ ടാക്സ് അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയിരുന്നത്. ഇതിലെ ആർട്ടിക്കിൾ 86 പ്രകാരം താഴെ പറയുന്ന വ്യവസ്ഥകൾ അനുസരിച്ചാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, അവർ കൊണ്ടുവരുന്ന ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ഒഴിവാക്കി നൽകുന്നത്.

  • ഒമാനിലേക്ക് പ്രവേശിക്കുന്ന വേളയിൽ യാത്രികന്റെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുന്നത്.
  • യാത്രികന്റെ ഉടമസ്ഥതയിലുള്ള സാധനങ്ങൾക്ക് മാത്രമാണ് ഈ നികുതിയിളവ് ലഭിക്കുന്നത്.
  • സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ എന്നിവ യാത്രികൻ സ്വന്തം ആവശ്യങ്ങൾക്കായി കൈവശം കരുതിയിരുന്നവ ആയിരിക്കണം. വാണിജ്യ ആവശ്യങ്ങൾക്കുതകുന്ന അളവിലുള്ള ഇത്തരം സാധനങ്ങൾക്ക് ഈ നികുതിയിളവ് ബാധകമല്ല.
  • ഇത്തരത്തിൽ കൊണ്ടുവരുന്ന ഓരോ സാധനത്തിന്റെയും പരമാവധി മൂല്യം 300 റിയാലായിരിക്കണം.
  • ഒമാനിലെ കസ്റ്റംസ് ഓഫീസ് സ്ഥിരം സന്ദർശകരോ, വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആയ യാത്രികർക്ക് ഈ ഇളവ് അനുവദിക്കുന്നതല്ല.
  • ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് കൈവശം സൂക്ഷിക്കാവുന്ന സിഗററ്റുകളുടെ പരമാവധി എണ്ണം 400 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്.
  • ഒമാനിലേക്ക് കൊണ്ട് വരുന്നതിന് നിയന്ത്രണങ്ങളോ, വിലക്കുകളോ ഉള്ള വസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാ യാത്രികർക്കും ബാധകമാണ്. ഇതിൽ പെടാത്ത സാധനങ്ങൾക്ക് മാത്രമാണ് ഈ നികുതിയിളവ് ലഭിക്കുന്നത്.