സൗദി അറേബ്യ: രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനം

featured GCC News

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും ഈ അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ നേരത്തെ നടത്താൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി H.H. കിംഗ് സൽമാൻ ഉത്തരവിറക്കി. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദിയിലെ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ, സാങ്കേതിക പരിശീലനകേന്ദ്രങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. ഈ തീരുമാനപ്രകാരം രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലെയും പരീക്ഷകൾ ഈദുൽ ഫിത്ർ അവധിക്ക് മുൻപായി തീർക്കുന്നതിനും, വാർഷിക അവധിക്കാലം ആരംഭിക്കുന്നതിനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

ഈ ഉത്തരവനുസരിച്ച്, പ്രാഥമിക വിദ്യാലയങ്ങളിലെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ ഏപ്രിൽ 13-ന് ആരംഭിക്കുന്നതാണ്. പ്രാഥമിക വിദ്യാലയങ്ങളിലെയും, കിന്റർഗാർട്ടണുകളിലെയും അവധിക്കാലം ഏപ്രിൽ 23 മുതൽ ആരംഭിക്കുന്നതാണ്. ഇന്റർമീഡിയറ്റ്, സെക്കന്ററി വിഭാഗം വിദ്യാർത്ഥികളുടെ പരീക്ഷകൾ ഏപ്രിൽ 18-നും, ഈ വിഭാഗത്തിന്റെ അവധിക്കാലം ഏപ്രിൽ 30-നും ആരംഭിക്കുന്നതാണ്.

സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ യൂണിവേഴ്സിറ്റികളിലെയും, സാങ്കേതിക പരിശീലനകേന്ദ്രങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവയിലെയും പരീക്ഷകളും ഈദുൽ ഫിത്ർ അവധിക്ക് മുൻപായി അവസാനിക്കുന്ന രീതിയിൽ ക്രമീകരിക്കാനും ഈ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.