കുവൈറ്റ്: കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ CBK നിർദ്ദേശിച്ചു

featured GCC News

രാജ്യത്തെ ദിനാർ കറൻസി നോട്ടുകൾക്ക് കേടുവരുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാനും സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (CBK) പൊതുജനങ്ങളോട് നിർദ്ദേശിച്ചു. മാർച്ച് 28-നാണ് CBK ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ദിനാർ ബാങ്ക് നോട്ടുകൾ മോശമായി കൈകാര്യം ചെയ്യരുതെന്നും, ദിനാർ കറൻസി നോട്ട് എന്നത് രാജ്യത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒരു ദേശീയ ചിഹ്നമാണെന്നും CBK വ്യക്തമാക്കി. കുവൈറ്റിന്റെ ചരിത്രം, വ്യക്തിത്വം, പൈതൃകം എന്നിവയുടെയെല്ലാം അടയാളമാണ് കുവൈറ്റ് ദിനാർ ബാങ്ക് നോട്ടുകൾ എന്ന് CBK ചൂണ്ടിക്കാട്ടി.

കുവൈറ്റ് ദിനാറിനെ അപമാനിക്കുന്ന പ്രവർത്തനങ്ങളെല്ലാം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് CBK അറിയിച്ചു. ഇതിനാൽ രാജ്യത്തെ കറൻസി നോട്ടുകൾ ബഹുമാനത്തോടെ കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും CBK ജനങ്ങളെ ഓർമ്മപ്പെടുത്തി.

നോട്ടുകളിൽ എഴുതുന്നതും, ഇവ സ്റ്റാപ്ലർ, സ്റ്റിക്കർ മുതലായവ ഉപയോഗിച്ച് വികലമാക്കുന്നതും, നോട്ടിൽ പശ ഉപയോഗിക്കുന്നതും കുവൈറ്റ് ദിനാറിനെ ദുരുപയോഗം ചെയ്യുന്ന പ്രവർത്തനങ്ങളാണെന്ന് CBK അറിയിച്ചു. ബാങ്ക് നോട്ടുകൾ കീറുക, കേടാക്കുക, കത്തിക്കുക തുടങ്ങിയ പ്രവർത്തികളും ദുരുപയോഗമായി കണക്കാക്കുന്നതാണ്. ഇതിന് പുറമെ കുവൈറ്റ് ദിനാർ നോട്ടുകളെ അലങ്കാരവസ്തുക്കളാക്കി ഉപയോഗിക്കുന്നതും, നോട്ടുകൾ മടക്കുന്നതും അപകീർത്തികരമായ പ്രവർത്തികളായി കണക്കാക്കുന്നതാണ്.