ഷാർജ: 200 പരം രോഗികൾക്ക് ചികിത്സാ സേവനങ്ങൾ നൽകാൻ ശേഷിയുള്ള COVID-19 ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചു

UAE

ഇരുന്നൂറിൽ പരം രോഗികളെ ചികിത്സിക്കാൻ ശേഷിയുള്ള ഒരു COVID-19 ഫീൽഡ് ഹോസ്പിറ്റൽ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ റൂളേഴ്‌സ് കോർട്ട് ചെയർമാൻ ഷെയ്ഖ് സലേം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി മാർച്ച് 28-ന് ഈ COVID-19 ഫീൽഡ് ഹോസ്പിറ്റൽ ഉദ്‌ഘാടനം ചെയ്തു.

ഏതാണ്ട് 7000 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഈ ഹോസ്പിറ്റൽ 10 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. 204 പേർക്ക് ഒരേസമയം ചികിത്സ നൽകാൻ സൗകര്യമുള്ള ഈ ഹോസ്പിറ്റലിൽ 75 ഡോക്ടർമാരുടെയും, 231 നേഴ്സുമാരുടെയും, 44 മറ്റു ജീവനക്കാരുടെയും സേവനങ്ങൾ ലഭ്യമാണ്. 48 പേർക്ക് ഒരേസമയം അതിതീവ്ര ചികിത്സാ സേവനങ്ങൾ നൽകുന്നതിനും ഈ ഹോസ്പിറ്റലിൽ സൗകര്യമുണ്ട്.

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കൂടുതൽ ഫീൽഡ് ഹോസ്പിറ്റലുകൾ നിർമ്മിക്കാനുള്ള യു എ ഇയുടെ തീരുമാനത്തെത്തുടർന്നാണ് ഷാർജയിൽ ഈ ആശുപത്രി പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഏഴ് ഫീൽഡ് ഹോസ്പിറ്റലുകൾ ഉടൻ ആരംഭിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ആകെ 2000-ത്തോളം പേർക്ക് ചികിത്സ ഉറപ്പാക്കുന്നതിനാണ് ഈ ഫീൽഡ് ഹോസ്പിറ്റലുകളിലൂടെ യു എ ഇ ലക്ഷ്യമിടുന്നത്.