COVID-19 പ്രതിരോധത്തിന്റെ ഭാഗമായി, രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള അടിയന്തിര ഘട്ടങ്ങളിലൊഴികെയുള്ള മെഡിക്കൽ സേവനങ്ങൾ നിർത്തലാക്കാൻ ക്യാബിനറ്റ് തീരുമാനിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മാർച്ച് 31-ന് വൈകീട്ട് ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
2021 ഏപ്രിൽ 2, വെള്ളിയാഴ്ച്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്. രാജ്യത്തെ COVID-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഖത്തറിലെ നിലവിലെ COVID-19 രോഗ സ്ഥിതിഗതികൾ ക്യാബിനറ്റ് യോഗത്തിൽ വിശകലനം ചെയ്തു. രാജ്യത്തെ നിലവിലെ രോഗസാഹചര്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രി യോഗത്തിൽ സമർപ്പിച്ചു. തുടർന്നാണ് ക്യാബിനറ്റ് ഇത്തരം ഒരു തീരുമാനത്തിലെത്തിയത്. ഇതിന്റെ ഭാഗമായി ഏപ്രിൽ 2 മുതൽ രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള അടിയന്തിര ഘട്ടങ്ങളിലൊഴികെയുള്ള സേവനങ്ങൾ നിർത്തലാക്കാനും, മെഡിക്കൽ സേവനങ്ങൾ കഴിയുന്നതും ഓൺലൈൻ, ടെലിഫോൺ സംവിധാനങ്ങളിലൂടെ നൽകുന്നതിനും ക്യാബിനറ്റ് തീരുമാനിക്കുകയായിരുന്നു.