ഖത്തർ: ഏപ്രിൽ 9 മുതൽ COVID-19 നിയന്ത്രണങ്ങൾ കർശനമാക്കുന്നു; ഒത്ത്ചേരലുകൾ വിലക്കി; ഓഫീസുകളിൽ 50% ജീവനക്കാർക്ക് പ്രവേശനം

featured GCC News

2021 ഏപ്രിൽ 9, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് കൂടുതൽ COVID-19 നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ ക്യാബിനറ്റ് വ്യക്തമാക്കി. ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസിസ് അൽ താനിയുടെ നേതൃത്വത്തിൽ ഏപ്രിൽ 7-ന് രാത്രി ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ കർശനമാക്കാൻ ക്യാബിനറ്റ് തീരുമാനിക്കുകയായിരുന്നു. ക്യാബിനറ്റ് പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങളാണ് ക്യാബിനറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഏപ്രിൽ 9 മുതൽ ഖത്തറിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്:

  • സർക്കാർ ഓഫീസുകളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി പരിമിതപ്പെടുത്തും. മറ്റു ജീവനക്കാർക്ക് വിദൂര രീതിയിലുള്ള പ്രവർത്തനം ഏർപ്പെടുത്തും.
  • സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി പരിമിതപ്പെടുത്തും. മറ്റു ജീവനക്കാർക്ക് വിദൂര രീതിയിലുള്ള പ്രവർത്തനം ഏർപ്പെടുത്തും.
  • സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലുമുള്ള ജീവനക്കാരുടെ മുഴുവൻ മീറ്റിംഗുകളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മാത്രമാക്കി നിയന്ത്രിക്കുന്നതാണ്. വിദൂര രീതിയിൽ ഇത്തരം മീറ്റിംഗുകൾ നടത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ പരമാവധി അഞ്ച് പേർക്ക് മാത്രം നേരിട്ട് പങ്കെടുക്കാൻ അനുമതി.
  • വീടുകളിൽ നിന്ന് പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും മാസ്കുകൾ ധരിക്കേണ്ടതാണ്. കാറിൽ തനിയെ സഞ്ചരിക്കുന്നവർക്കും, ഒരു വാഹനത്തിൽ ഒരുമിച്ച് സഞ്ചരിക്കുന്ന ഒരേ കുടുംബങ്ങളിലുള്ളവർക്കും മാത്രം മാസ്കുകൾ ഉപയോഗിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
  • വീടുകൾക്ക് പുറത്തിറങ്ങുന്നവർ നിർബന്ധമായും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഇതിൽ രെജിസ്ട്രേഷൻ ചെയ്യേണ്ടതുമാണ്.
  • പള്ളികളിൽ ദിനംപ്രതിയുള്ള പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും അനുവദിക്കും. റമദാനിൽ തറാവീഹ് നമസ്കാരം വീടുകളിൽ നിന്ന് നടത്തേണ്ടതാണ്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പള്ളികളിലേക്ക് പ്രവേശനമില്ല.
  • വീടുകൾ, മജ്‌ലിസുകൾ തുടങ്ങിയ അടഞ്ഞ് കിടക്കുന്ന ഇടങ്ങളിലെ എല്ലാത്തരം സാമൂഹിക ഒത്ത് ചേരലുകളും, സന്ദർശനങ്ങളും വിലക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ വാക്സിൻ കുത്തിവെപ്പ് നടപടികൾ പൂർത്തിയാക്കിയ പരമാവധി അഞ്ച് പേർക്ക് മാത്രമാണ് ഒത്ത് ചേരുന്നതിന് അനുമതി.
  • ഇൻഡോർ, ഔട്ഡോർ ഇടങ്ങളിലുള്ള വിവാഹങ്ങൾക്കുള്ള വിലക്ക് തുടരും.
  • പൊതു പാർക്കുകൾ, ബീച്ചുകൾ, കോർണിഷ് മുതലായ ഇടങ്ങളിൽ ഒരു തരത്തിലുള്ള ഒത്ത് ചേരലുകളും അനുവദിക്കില്ല. ഇത്തരം ഇടങ്ങളിലെ കളിയിടങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതിയില്ല. വ്യായാമം, നടത്തം, സൈക്ലിംഗ് എന്നിവയ്ക്കായി തനിയെ എത്തുന്നവർക്ക് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകും
  • ഒരു വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ പരമാവധി 4 പേർക്ക് മാത്രമാണ് യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുള്ളത്. ഒരു വാഹനത്തിൽ ഒരുമിച്ച് സഞ്ചരിക്കുന്ന ഒരേ കുടുംബങ്ങളിലുള്ളവർക്ക് ഇതിൽ ഇളവ് ഉണ്ട്.
  • ബസുകളിൽ പരമാവധി ശേഷിയുടെ പകുതി യാത്രികർക്ക് മാത്രമാണ് സഞ്ചരിക്കാൻ അനുമതി.
  • മെട്രോ സേവനങ്ങൾ പരമാവധി ശേഷിയുടെ 20 ശതമാനം എന്ന രീതിയിൽ നിയന്ത്രിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ മെട്രോ നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റു പൊതുഗതാഗത സംവിധാനങ്ങളുടെയും പ്രവർത്തന ശേഷി പരമാവധി ശേഷിയുടെ 20 ശതമാനം എന്ന രീതിയിൽ നിയന്ത്രിക്കുന്നതാണ്. ഏതാനം ഇടങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ പൊതുഗതാഗതത്തിന് വിലക്കേർപ്പെടുത്തും.
  • ഡ്രൈവിംഗ് സ്‌കൂളുകൾ അടച്ചിടുന്നതാണ്.
  • സിനിമാശാലകൾ അടച്ചിടുന്നതാണ്.
  • സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രെയിനിങ്ങ് സെന്ററുകൾ എന്നിവിടങ്ങളിൽ വിദൂര പഠനരീതി നിർബന്ധമാക്കി.
  • നഴ്സറികൾ അടച്ചിടുന്നതാണ്.
  • പൊതു ലൈബ്രറികൾ, മ്യൂസിയം എന്നിവ അടച്ചിടുന്നതാണ്.
  • കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നിർബന്ധമാക്കി.
  • മുഴുവൻ എക്സിബിഷനുകൾ, കോൺഫെറെൻസുകൾ, ചടങ്ങുകൾ എന്നിവ നീട്ടിവെക്കാൻ തീരുമാനം.
  • മാളുകളിലേക്ക് പരമാവധി പ്രവർത്തനശേഷിയുടെ 30 ശതമാനം പേർക്ക് മാത്രം പ്രവേശനം. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനമില്ല. മാളുകളിലെ ഫുഡ് കോർട്ട്, പ്രാർത്ഥനാ മുറികൾ എന്നിവ അടച്ചിടുന്നതാണ്.
  • റെസ്റ്ററെന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്നതിന് (ഇൻഡോർ, ഔട്ഡോർ) അനുമതിയില്ല. പാർസൽ സേവനങ്ങൾ മാത്രം അനുവദിക്കും.
  • മാർക്കറ്റുകൾ, സൂഖ്, മൊത്തവ്യാപാര കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ പരമാവധി പ്രവർത്തനശേഷിയുടെ 30 ശതമാനം പേർക്ക് മാത്രം പ്രവേശനം. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനമില്ല.
  • സലൂൺ, ബ്യൂട്ടിപാർലർ, ഹെൽത്ത് ക്ളബ്, സ്വിമ്മിങ്ങ് പൂൾ എന്നിവ അടച്ചിടുന്നതാണ്.
  • വിനോദ കേന്ദ്രങ്ങൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവ അടച്ചിടുന്നതാണ്.
  • സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ സേവനങ്ങൾക്കുള്ള വിലക്ക് തുടരും. അടിയന്തിര ചികിത്സകൾ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളിൽ അനുവദിക്കുന്നത്.

ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിനായി ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഖത്തർ ക്യാബിനറ്റ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.