ഈ വർഷത്തെ റമദാനിൽ പ്രത്യേക പെർമിറ്റുകളില്ലാതെ ഉംറ അനുഷ്ഠിക്കുന്നതിനായി ശ്രമിക്കുന്ന തീർത്ഥാടകർക്കും, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏപ്രിൽ 8-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഔദ്യോഗിക ഉംറ പെർമിറ്റുകൾ കൂടാതെ ഉംറ അനുഷ്ഠിക്കുന്നതിനായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതിന് പുറമെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിനായി ഔദ്യോഗിക പെർമിറ്റുകൾ കൂടാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രാലയം തീർത്ഥാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ മാത്രമാണ് ഔദ്യോഗിക തീർത്ഥാടന പെർമിറ്റുകൾ ലഭിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2 ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ, പെർമിറ്റിന് അപേക്ഷിക്കുന്നതിന് 14 ദിവസം മുൻപെങ്കിലും ഒന്നാം ഡോസ് വാക്സിൻ കുത്തിവെപ്പെടുത്തവർ, പൂർണ്ണമായും COVID-19 രോഗമുക്തരായവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് മാത്രമാണ് റമദാനിലെ ആദ്യ ദിനം മുതൽ ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്. ഇത്തരം വിഭാഗങ്ങളിൽ പെടുന്നവർക്ക് തങ്ങളുടെ വാക്സിനേഷൻ, അല്ലെങ്കിൽ രോഗമുക്തി സംബന്ധമായ സ്റ്റാറ്റസ് ‘Tawakkalna’ ആപ്പിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
നിയമം ലംഘിച്ച് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക സുരക്ഷാ വിഭാഗങ്ങൾ പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ വർഷത്തെ റമദാനിൽ മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന പ്രതിദിന തീർത്ഥാടകരുടെയും, വിശ്വാസികളുടെയും എണ്ണം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റമദാനിൽ പ്രതിദിനം 50000 ഉംറ തീർത്ഥാടകർക്കും, പ്രാർത്ഥനകൾക്കായി 100000 വിശ്വാസികൾക്കും ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശനം അനുവദിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.