രാജ്യത്തെ വിവിധ വാണിജ്യ മേഖലകളിലെ ഡെലിവറി ജീവനക്കാർ പാലിക്കേണ്ടതായ COVID-19 മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിപ്പ് പുറത്തിറക്കി. പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള COVID-19 സുരക്ഷാ നിർദ്ദേശങ്ങളാണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്നത്.
ഏപ്രിൽ 9-നാണ് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെയും, പൊതുസമൂഹത്തിലെ പൗരന്മാരുടെയും, നിവാസികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
- ഡെലിവറി മേഖലയിലെ മുഴുവൻ ജീവനക്കാരുടെയും ശരീരോഷ്മാവ് ദിനവും രണ്ട് തവണ പരിശോധിച്ച് രേഖപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്.
- ഡെലിവറി ജീവനക്കാർ മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം മുതലായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- ഓരോ ഓർഡറുകളും നൽകുന്നതിനായി പോകുന്ന ഡെലിവറി ജീവനക്കാരുടെ മുഴുവൻ പേര്, ശരീരോഷ്മാവ് മുതലായ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.
- ഡെലിവറി സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
- ഉപഭോക്താവിന് നൽകുന്നതിനായി കൊണ്ട് പോകുന്ന സാധനങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കേണ്ടതും, ഉപഭോക്താവിന് ഇത് കൈമാറുന്നതിന് മുൻപ് ഈ ബാഗുകൾ ഒഴിവാക്കേണ്ടതുമാണ്.