ബഹ്‌റൈൻ: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് തടവ് ശിക്ഷ, പിഴ എന്നിവ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

featured GCC News

രാജ്യത്തെ COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് തടവ് ശിക്ഷ, പിഴ എന്നിവ നേരിടേണ്ടിവരുമെന്ന് ബഹ്‌റൈൻ ചീഫ് പ്രോസിക്യൂട്ടർ ഓഫ് മിനിസ്ട്രീസ് ആൻഡ് പബ്ലിക് എന്റിറ്റീസ് മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മുഴുവൻ സമൂഹവും ഉത്തരവാദിത്വത്തോടെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹ അകലം ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ റോഡുകൾ, ബീച്ചുകൾ, മറ്റു പൊതു ഇടങ്ങളിൽ എന്നിവിടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്ത്ചേരുന്നതിനും, സാമൂഹിക സംഗമങ്ങൾക്കും നേരത്തെ ഏർപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക വിലക്കുകൾ തുടരുന്നതായും, സമൂഹ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഇത് വളരെ പ്രധാനമാണെന്നും ചീഫ് പ്രോസിക്യൂട്ടർ ജനങ്ങളെ ഓർമപ്പെടുത്തി.

ബഹ്‌റൈനിലെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം മുഴുവൻ ജനങ്ങളോടും ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്നതിനായി സമൂഹ അകലം തുടരാനും, എല്ലാത്തരത്തിലുള്ള ഒത്ത്ചേരലുകളും ഒഴിവാക്കാനും അദ്ദേഹം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

ഇത്തരം മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് മൂന്ന് വർഷത്തെ തടവും, 5000 ദിനാർ വരെ പിഴയും ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.