സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്കുകൾ തുടരാനും, കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശനവിലക്കേർപ്പെടുത്താനും മെയ് 4-ന് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് CAA ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ താഴെ പറയുന്ന കാര്യങ്ങളാണ് നൽകിയിട്ടുള്ളത്:
- ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സുഡാൻ, ലെബനൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗിനി, സിയറ ലിയോൺ, എത്യോപ്യ, യു കെ എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന മുഴുവൻ യാത്രികർക്കും, ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.
- മെയ് 7, വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഈ വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന മുഴുവൻ യാത്രികർക്കും, ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.
- ഒമാൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് കർശനമായ നിബന്ധനകളോടെ ഈ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.