ഈദുൽ ഫിത്റിന് മുൻപായി സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് റോയൽ ഒമാൻ പോലീസ്

featured GCC News

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങൾക്ക് മുൻപായി രാജ്യത്തെ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഇതിന്റെ ഭാഗമായി മുഴുവൻ വിലായത്തുകളിലും പോലീസ് സേനയെ വിന്യസിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മെയ് 9-നാണ് ROP ഇക്കാര്യം അറിയിച്ചത്. രാജ്യത്ത്, COVID-19 പശ്ചാത്തലത്തിൽ, സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഈദുൽ ഫിത്ർ അവധിദിനങ്ങളിലും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ROP രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കുന്നത്.

“രാജ്യത്തെ പൗരന്മാരും, പ്രവാസികളും സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങളും, നിയന്ത്രണങ്ങളും പാലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സമൂഹ സുരക്ഷ മുൻനിർത്തി ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ ഒത്ത്ചേരലുകൾ, കുടുംബ സന്ദർശനങ്ങൾ മുതലായ പ്രവർത്തികൾ ഒഴിവാക്കാനും ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.”, ROP വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സ്വയം സംരക്ഷിക്കുന്നതിന്റെയും, കുടുംബത്തിന്റെയും, സമൂഹത്തിന്റെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെയും ചുമതല ഓരോ നിവാസിയും ഏറ്റെടുക്കണമെന്നും ROP ആഹ്വാനം ചെയ്തു.