ഇന്റർനാഷണൽ മ്യൂസിയം ഡേ: മെയ് 18-ന് ഷാർജയിലെ മ്യൂസിയങ്ങളിൽ സൗജന്യ സന്ദർശനം അനുവദിക്കും

UAE

2021-ലെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മെയ് 18-ന് എമിറേറ്റിലുടനീളമുള്ള മ്യൂസിയങ്ങളിൽ സന്ദർശനം സൗജന്യമായിരിക്കുമെന്ന് ഷാർജ മ്യൂസിയംസ് അതോറിറ്റി (SMA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടൊപ്പം, കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എമിറേറ്റിലെ മ്യൂസിയങ്ങളുടെയും, ടൂറിസം മേഖലയുടെയും ഭാവി എന്ന വിഷയത്തിൽ മെയ് 18-ന് ഒരു പ്രത്യേക വിർച്യുൽ സെമിനാർ സംഘടിപ്പിക്കാനും SMA തീരുമാനിച്ചിട്ടുണ്ട്. വിർച്യുൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും, സന്ദർശകരെ നേരിട്ട് സ്വീകരിക്കുന്ന രീതിയിലും മ്യൂസിയങ്ങളുടെ പ്രവർത്തനം ഭാവിൽ നടപ്പിലാക്കുന്നതിലെ വിവിധ പ്രതിസന്ധികൾ ഈ സെമിനാറിൽ ചർച്ച ചെയ്യപ്പെടും.

ഷാർജ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ്, ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (SCTDA), ഷാർജ ആർട്ട് മ്യൂസിയം മുതലായവർ ഈ സെമിനാറിൽ പങ്കെടുക്കും. മഹാമാരിയുടെ നാളുകളിൽ ഷാർജയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയും, എമിറേറ്റിലെ സാംസ്‌കാരിക, ടൂറിസം മേഖലയിലെ അധികൃതരും ചേർന്ന് നടപ്പിലാക്കിയ സുരക്ഷാ മാനദണ്ഡങ്ങളും, പ്രതിരോധ നടപടികളും ഈ സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നതാണ്.

ഇതിന് പുറമെ, ആഗോളതലത്തിൽ മഹാമാരി ഉയർത്തിയ കനത്ത പ്രതിസന്ധികൾക്കിടയിലും, എമിറേറ്റിലെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി SCTDA കൈകൊണ്ടിട്ടുള്ള നടപടികളെക്കുറിച്ചും ഈ സെമിനാറിൽ ചർച്ച ചെയ്യുന്നതാണ്. താത്പര്യമുള്ളവർക്ക്, SMA-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഈ സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.

WAM