രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നിന്ന് 2021 മെയ് 23, ഞായറാഴ്ച്ച മുതൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ അനുവദിക്കുമെങ്കിലും, ഇത്തരം സേവനങ്ങൾ നൽകുന്നതിന് രാവിലെ 5 മുതൽ രാത്രി 8 വരെ മാത്രമാണ് സ്ഥാപനങ്ങൾക്ക് അനുമതിയെന്ന് കുവൈറ്റ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. മെയ് 23 മുതൽ ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത് സംബന്ധിച്ച് മെയ് 18-ന് കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ച തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്, രാജ്യത്തെ COVID-19 പ്രതിരോധ ചുമതലകൾ വഹിക്കുന്ന കമ്മിറ്റിയാണ് ഇപ്പോൾ വ്യക്തത നൽകിയത്. ഈ കമ്മിറ്റിയുടെ തലവനും, മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലുമായ അഹ്മദ് അൽ മൻഫൗഹിയാണ് ഇക്കാര്യം അറിയിച്ചത്.
മെയ് 20-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. കർശനമായ COVID-19 പ്രതിരോധ നിബന്ധനകളോടെയാണ് ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രീതിയിലാണ് കുവൈറ്റിൽ മെയ് 23 മുതൽ ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത്:
- രാവിലെ 5 മുതൽ രാത്രി 8 വരെ മാത്രമാണ് സ്ഥാപനങ്ങൾക്ക് ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ നൽകുന്നതിന് അനുമതി.
- രാത്രി 8 മണിക്ക് ശേഷം വരുന്ന ഉപഭോക്താക്കൾക്ക് ഔട്ട്ഡോർ സേവനം, അല്ലെങ്കിൽ ഹോം ഡെലിവറി എന്നീ രീതികളിൽ മാത്രമാണ് സേവനങ്ങൾ നൽകാൻ അനുവദിച്ചിട്ടുള്ളത്.
- തിരക്കൊഴിവാക്കുന്നതിനായി ഉപഭോക്താക്കൾക്ക് മുൻകൂർ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.
- ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരുടെ ശരീരോഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.