ഖത്തർ: മെയ് 30 മുതൽ ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, മറ്റു വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

Qatar

2021 മെയ് 30 മുതൽ രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും, ട്രെയിനിങ്ങ് കേന്ദ്രങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പ്രൈവറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റാണ് ഈ അനുമതി നൽകിയിരിക്കുന്നത്.

https://twitter.com/Qatar_Edu/status/1398634149037154307

മെയ് 29-ന് വൈകീട്ടാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ പടിപടിയായി പിൻവലിക്കാനുള്ള ഖത്തർ ക്യാബിനറ്റിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയത്.

കർശനമായ നിബന്ധനകളോടെയാണ് ഇത്തരം വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾക്ക് അവയുടെ പരമാവധി ശേഷിയുടെ 30 ശതമാനം പ്രവർത്തനശേഷിയിലാണ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിരിക്കണം. മെയ് 30 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.