രാജ്യത്തെ അഞ്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് കാലതാമസം കൂടാതെ രണ്ടാം ഡോസ് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിലവിൽ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഇപ്പോൾ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് രണ്ടാം ഡോസ് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ളത്.
- വൃക്കസംബന്ധമായ പ്രശ്നങ്ങൾ മൂലം ഡയാലിസിസ് ചെയ്യുന്നവർ.
- കാൻസർ രോഗികൾ.
- അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ.
- അമിതവണ്ണമുള്ളവർ.
- അറുപതിന് മുകളിൽ പ്രായമുള്ളവർ.
ആദ്യ ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കുന്നവർക്ക് മുൻഗണന നൽകുന്നതിനായി, രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത് നീട്ടിവെക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10-ന് തീരുമാനിച്ചിരുന്നു. ഈ പുതിയ അറിയിപ്പോടെ, മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് തങ്ങളുടെ രണ്ടാം ഡോസ് കുത്തിവെപ്പുകൾ കാലതാമസം കൂടാതെ സ്വീകരിക്കാവുന്നതാണ്.
രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാൻ വൈകിയവർ, ഇത് സംബന്ധിച്ച് വിഷമിക്കേണ്ടതില്ലെന്ന് സൗദി ആരോഗ്യ മന്ത്രലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി അറിയിച്ചു. ചില വാക്സിനുകളിൽ രണ്ടാം ഡോസ് വൈകുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.