യു എ ഇ: നവീകരിച്ച എമിറേറ്റ്സ് ഐഡി വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു; പ്രിന്റഡ് ഐഡി ലഭിക്കുന്നതുവരെ ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാം

featured GCC News

നവീകരിച്ച എമിറേറ്റ്സ് ഐഡി കാർഡ് വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമിട്ടതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു. രാജ്യത്തെ ഐഡന്റിറ്റി കാർഡുകൾ, പാസ്സ്പോർട്ടുകൾ എന്നിവ പുതിയ തലമുറയിൽ പെടുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതുക്കിയ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നത്.

ജൂൺ 10, വ്യാഴാഴ്ച്ചയാണ് ICA ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ പുതുക്കിയ എമിറേറ്റ്സ് ഐഡി കാർഡ് ലഭിക്കുന്നതിനായി കാത്തിരിക്കുന്നവർക്ക്, പ്രിന്റ് ചെയ്ത കാർഡ് ലഭിക്കുന്നതുവരെ എമിറേറ്റ്സ് ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് ഉപയോഗിക്കാമെന്നും ICA കൂട്ടിച്ചേർത്തു.

എമിറേറ്റ്സ് ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് പ്രിന്റ് രൂപത്തിലുള്ള എമിറേറ്റ്സ് ഐഡിയുടെ സൂക്ഷ്‌മമായ പകർപ്പാണെന്നും, പ്രിന്റ് കാർഡ് ഉപയോഗിക്കാവുന്ന എല്ലാ മേഖലകളിലും ഈ ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാമെന്നും ICA വ്യക്തമാക്കി. ICA-യുടെ “ICA UAE Smart” എന്ന സ്മാർട്ട് ആപ്പിലൂടെ എമിറേറ്റ്സ് ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് ലഭ്യമാകുന്നതാണ്. ഈ ആപ്പ് ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ സൗജന്യമായി ഉപയോഗിക്കാവുന്നതും, ഇവ IOS, ആൻഡ്രോയിഡ് സ്റ്റോറുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതുമാണ്.

ക്യു ആർ കോഡ് സ്കാനിങ്ങ് സാങ്കേതികവിദ്യയിലൂടെ ഈ ഇലക്ട്രോണിക് പതിപ്പ് ഉപയോഗിക്കാവുന്നതാണ്. ഈ സ്മാർട്ട് ആപ്പിലെ ഡോക്യുമെന്റ് വാലറ്റ് ഉപയോഗിക്കുന്ന അവസരത്തിൽ ഈ കോഡ് സ്വയമേവ നിർമ്മിക്കപ്പെടുന്നതും, ഇത് എമിറേറ്റ്സ് ഐഡി കാർഡ് ഉപയോഗിക്കുന്ന ഇടങ്ങളിൽ ഉപയോഗപ്പെടുത്താവുന്നതുമാണ്. പ്രിന്റഡ് എമിറേറ്റ്സ് ഐഡി കാർഡിൽ ഉൾപ്പെടുത്തുന്ന മുഴുവൻ വിവരങ്ങളും ഇലക്ട്രോണിക് പതിപ്പിലൂടെ ICA-യുടെ ഡാറ്റാബേസിൽ നിന്ന് ലഭിക്കുന്നതാണ്.

പ്രിന്റ് കാർഡ് ലഭ്യമല്ലാത്ത അവസരങ്ങളിലും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് കാര്യങ്ങൾ നിറവേറ്റുന്നതിന് ഈ സംവിധാനം സഹായകമാണ്. ഇതിനാൽ പുതിയ എമിറേറ്റ്സ് ഐഡി കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക്, പ്രിന്റഡ് കാർഡ് ലഭിക്കുന്നത് വരെ ഈ ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാവുന്നതാണ്.