കുവൈറ്റ്: ഒരു ദിവസം കൊണ്ട് നാല്പത്തിനായിരത്തോളം പേർ രണ്ടാം ഡോസ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു

Kuwait

രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ കുവൈറ്റിൽ ആരംഭിച്ചതായും, ആദ്യ ദിനം തന്നെ ഏതാണ്ട് നാല്പത്തിനായിരത്തോളം പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021 ജൂൺ 9 മുതൽ രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സബാഹ് ജൂൺ 8-ന് അറിയിച്ചിരുന്നു.

കുവൈറ്റിലെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായ മിഷ്‌റഫ് വാക്സിനേഷൻ സെന്ററിൽ വാക്സിൻ സ്വീകരിക്കുന്നതിനായി ജൂൺ 9-ന് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്നവർക്ക് വാക്സിൻ ലഭിക്കുന്ന തീയതി, വാക്സിനേഷൻ കേന്ദ്രം മുതലായ വിവരങ്ങൾ SMS മുഖേന മന്ത്രാലയം നേരിട്ട് അയക്കുന്നുണ്ട്.

മെയ് 10-ന് കുവൈറ്റിൽ എത്തിയ ആസ്ട്രസെനേക്ക വാക്സിനിന്റെ പ്രീ-ടെസ്റ്റ് രേഖകൾ നിർമ്മാതാക്കളിൽ നിന്ന് ലഭിച്ചതായും ജൂൺ 8-ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്ന 2 ലക്ഷത്തോളം പേർക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുള്ളത്.