അബുദാബി: ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ റോഡുകളിൽ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

featured UAE

പൊതു ഇടങ്ങളിലും, റോഡുകളിലും ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. പൊതുഇടങ്ങളിലും മറ്റും ഇത്തരം ഉപയോഗിച്ച സുരക്ഷാ ഉപകരണങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ജൂൺ 17-നാണ് അബുദാബി പോലീസ് ട്വിറ്ററിൽ പങ്ക് വെച്ചത്.

ഇത്തരത്തിൽ പൊതുഇടങ്ങളിൽ വാഹനങ്ങളിൽ നിന്നും മറ്റും മാലിന്യവസ്തുക്കൾ നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം, ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ മുതലായവ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ 1000 ദിർഹം പിഴയും, 6 ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണെന്നും അബുദാബി പോലീസ് വ്യക്തമാക്കി. COVID-19 പശ്ചാത്തലത്തിൽ, ഉപയോഗിച്ച മാസ്കുകളും, മറ്റു സ്വകാര്യ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നത് രോഗവ്യാപനത്തിനും, പ്രകൃതി മലിനീകരണത്തിനും ഇടയാക്കുമെന്നും, സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം സുരക്ഷാ ഉപകരണങ്ങൾ അവ നിർമാർജ്ജനം ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക സംവിധാനങ്ങളിൽ മാത്രം നിക്ഷേപിക്കേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ ഇത്തരം മലിനവസ്തുക്കളിലൂടെ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് അധികൃതർ ഈ മുന്നറിയിപ്പ് ആവർത്തിച്ച് നൽകുന്നത്.

Cover Photo: @ADPoliceHQ