എമിറേറ്റിലെ വിവിധ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ജൂൺ 18, വെള്ളിയാഴ്ച്ച രാവിലെയാണ് അധികൃതർ ഇക്കാര്യമറിയിച്ചത്.
“എമിറേറ്റിലെ വിവിധ ഇടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം ജൂൺ 18 വെള്ളിയാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നു. അൽഹൊസൻ ആപ്പിൽ പുതിയതായി രെജിസ്റ്റർ ചെയ്യുന്നതിന് അനുഭവപ്പെട്ട പെട്ടന്നുള്ള തിരക്ക് മൂലമാണ് ഈ സാങ്കേതിക തകരാർ ഉടലെടുത്തത്. ഇത് എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ട് വരികയാണ്. മുഴുവൻ ഉപഭോക്താക്കൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതായി ഉറപ്പാക്കുന്നതോടെ ഗ്രീൻ പാസ് തിരികെ ഏർപ്പെടുത്തുന്നതാണ്.”, അബുദാബി മീഡിയ ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ‘Alhosn’ ആപ്പ് ആവശ്യമായിവരുന്ന സാഹചര്യങ്ങളിൽ ആപ്പിന് പകരമായി നിലവിൽ SMS സന്ദേശം മുഖേന ലഭിച്ചിട്ടുള്ള പരിശോധനാ ഫലങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അബുദാബി ഗ്രീൻ പാസുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം ജൂൺ 17-ന് വൈകീട്ട് മുതൽ താത്കാലികമായി തടസപ്പെട്ടതിനെത്തുടർന്നാണ് ഈ സംവിധാനം താത്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതികതകരാറുകൾ പരിഹരിച്ച് വരുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) നേരത്തെ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു.
Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ, ജൂൺ 15 മുതൽ അബുദാബിയിലെ നിവാസികൾക്കും, പൗരന്മാർക്കും ഷോപ്പിംഗ് മാളുകൾ, പൊതു പാർക്കുകൾ തുടങ്ങി ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം നേടുന്നതിന് Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ‘Alhosn’ ആപ്പിലെ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ക്രമാതീതമായ വർധനവാണ് ആപ്പിന്റെ പ്രവർത്തനം തകരാറാകുന്നതിലേക്ക് നയിച്ച സാങ്കേതിക പ്രശ്നത്തിന് കാരണമെന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്.