സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

UAE

സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നൽകിയിട്ടുള്ള ദുബായിലേക്കുള്ള ഏറ്റവും പുതിയ യാത്രാ മാനദണ്ഡങ്ങളിലാണ് ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ദുബായിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അറിയിച്ചിട്ടുള്ളത്.

ഈ അറിയിപ്പ് പ്രകാരം ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് 14 ദിവസങ്ങൾക്കിടയിൽ സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിച്ചിട്ടുള്ളവർക്കും ദുബായിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നീ രണ്ട് കമ്പനികളും തങ്ങളുടെ യാത്രാ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇ പൗരമാർക്കും, നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥർക്കും മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. https://www.emirates.com/in/english/help/covid-19/dubai-travel-requirements/tourists/ എന്ന വിലാസത്തിൽ എമിറേറ്റ്സിന്റെ ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾ ലഭ്യമാണ്.

ഫ്ലൈദുബായ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം മാർച്ച് 12 വരെ നൈജീരിയയിൽ നിന്ന് ദുബായിലേക്ക് നേരിട്ടോ, അല്ലാതെയോ ഉള്ള മുഴുവൻ വിമാന സർവീസുകളും നിർത്തിവെച്ചതായും അറിയിച്ചിട്ടുണ്ട്. ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് 14 ദിവസങ്ങൾക്കിടയിൽ നൈജീരിയ സന്ദർശിച്ചിട്ടുള്ളവർക്കും, നൈജീരിയയിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിച്ചിട്ടുള്ളവർക്കും ദുബായിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഫ്ലൈദുബായ് അറിയിച്ചിട്ടുണ്ട്.

ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് 14 ദിവസങ്ങൾക്കിടയിൽ സൗത്ത് ആഫ്രിക്ക സന്ദർശിച്ചിട്ടുള്ളവർക്കും, സൗത്ത് ആഫ്രിക്കയിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിച്ചിട്ടുള്ളവർക്കും ദുബായിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും, ദുബായിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കാൻ അനുമതി നൽകില്ലെന്നും ഫ്ലൈദുബായ് അറിയിപ്പിൽ പറയുന്നു. https://www.flydubai.com/en/plan/covid-19/travel-requirements#pcr-middle-east എന്ന വിലാസത്തിൽ ഫ്ലൈദുബായിയുടെ ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾ ലഭ്യമാണ്.