ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി PHCC

GCC News

രാജ്യത്തെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു (PHCC) കീഴിലുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഡ്രൈവ്-ത്രൂ COVID-19 പരിശോധനകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. പുതിയ സമയക്രമമനുസരിച്ച്, ഈ കേന്ദ്രങ്ങളിൽ നിന്നുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സേവനങ്ങൾ ദിനവും വൈകീട്ട് 4 മണി മുതൽ രാത്രി 11 മണിവരെയായിരിക്കുമെന്ന് PHCC വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 21-നാണ് PHCC ഈ അറിയിപ്പ് നൽകിയത്. ഈ പുതിയ സമയക്രമം ജൂൺ 18 മുതൽ പ്രാബല്യത്തിൽ വന്നതായും PHCC അറിയിച്ചിട്ടുണ്ട്.

ഈ പരിശോധനാ കേന്ദ്രങ്ങളിൽ ദിനവും വൈകീട്ട് 4 മുതൽ രാത്രി 11 വരെ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സേവനങ്ങൾ നൽകുന്നതാണെന്നും, രാത്രി 10 മണിവരെയാണ് ഈ കേന്ദ്രത്തിലേക്ക് ആളുകൾക്ക് പ്രവേശനം നൽകുന്നതെന്നും PHCC പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വേനൽ കനത്തതോടെ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് കണക്കിലെടുത്താണ് ഈ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നത്.

വേനൽ ചൂട് കണക്കിലെടുത്ത് ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ ജൂൺ 13 മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തിയിരുന്നു. ജൂൺ 13 മുതൽ ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ ദിനവും വൈകീട്ട് 4 മണി മുതൽ രാത്രി 12 മണിവരെയാണ് നൽകുന്നത്.