ഒമാൻ: മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികർക്ക് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി

featured GCC News

ഒമാനിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ, നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി തങ്ങളുടെ കൈവശമുള്ള മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികരോട് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു. ഒമാനിൽ നിരോധിക്കപ്പെട്ടിട്ടുള്ളതായ മരുന്നുകളുമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇത് പ്രധാനമാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി.

“നിങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണ്. ലഹരി പദാർത്ഥങ്ങളും മറ്റും അടങ്ങിയതെന്ന് സംശയിക്കുന്ന ഏതാനം മരുന്നുകൾ ഒമാനിലേക്ക് കൊണ്ട് വരുന്നതിന് കുറിപ്പടി നിർബന്ധമാണ്.”, റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.

കുറിപ്പടി ഇല്ലാതെ ഇത്തരം മരുന്നുകൾ ഒമാനിലേക്ക് കൊണ്ട് വരുന്നത് നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങളിൽ, നിയമ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഡോക്ടറുടെ കുറിപ്പടി കൈവശം കരുതുന്നത് സഹായകമാണ്.