കുവൈറ്റ്: മാളുകളിലേക്കുള്ള പ്രവേശന നിയന്ത്രണം; പരിശോധനകൾക്കായി പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തി

featured GCC News

2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മാളുകൾ, റെസ്റ്ററന്റുകൾ മുതലായ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി, കുവൈറ്റിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ പരിശോധനകൾക്കായി പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തമീർ അൽ അലിയുടെ നിർദ്ദേശത്തെ തുടർന്നാണിത്.

ഈ നിർദ്ദേശ പ്രകാരം, രാജ്യത്തെ പത്ത് പ്രധാന ഷോപ്പിംഗ് മാളുകളിൽ ജൂൺ 27, ഞായറാഴ്ച്ച മുതൽ പബ്ലിക് സെക്യൂരിറ്റി പോലീസ് സേനയിലെ അംഗങ്ങളെ പരിശോധനകൾക്കായി വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ജനറൽ ഫരാജ് അൽ സോയൂബി അറിയിച്ചു. ഈ മാളുകളിലെ ഓരോ പ്രവേശന കവാടങ്ങളിലും ഇത്തരത്തിൽ രണ്ട് പൊലീസുകാരെ നിയമിച്ചിട്ടുണ്ടെന്നും, ഇവർ വാണിജ്യ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിച്ചുറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനെടുത്തവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്ന വേളയിൽ ഇത്തരം വാണിജ്യ കേന്ദ്രങ്ങളിലെത്തുന്ന ഉപഭോക്താക്കളും, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഉടലെടുത്തേക്കാവുന്ന അനാവശ്യ വാക്ക്തർക്കങ്ങളും മറ്റും ഒഴിവാക്കുന്നതിനായാണ് പബ്ലിക് സെക്യൂരിറ്റി പോലീസ് സേനയിലെ അംഗങ്ങളെ പരിശോധനകൾക്കായി വിന്യസിച്ചിരിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങളും മറ്റും ഈ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനെടുക്കാത്തവർക്ക് പൊതുഇടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം ഞായറാഴ്ച്ച മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി ‘My Mobile ID’ അല്ലെങ്കിൽ ‘Immune’ എന്നീ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. 2021 ജൂൺ 27 മുതൽ കുവൈറ്റിൽ ‘My Mobile ID’ അല്ലെങ്കിൽ ‘Immune’ എന്നീ ആപ്പുകളിൽ പച്ച, ഓറഞ്ച് എന്നീ നിറങ്ങളിൽ വാക്സിനേഷൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് റെസ്റ്റാറന്റുകൾ, കഫേ, മാളുകൾ, ജിം, ബ്യൂട്ടി സലൂൺ, തിയേറ്റർ, സിനിമാശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്:

ഈ തീരുമാനത്തിൽ വീഴ്ച്ചകൾ വരുത്തുന്ന വാണിജ്യകേന്ദ്രങ്ങൾക്കും മറ്റും നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാക്സിനെടുക്കാത്തവർക്ക് പ്രവേശനം അനുവദിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് 5000 ദിനാർ പിഴ ചുമത്തുമെന്നാണ് സൂചന.

Cover Photo: Kuwait News Agency.