2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ മുതലായ ഇടങ്ങളിലെ ഏതാനം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ 28-ന് രാത്രിയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം തൊഴിലുകളിൽ പ്രവാസി ജീവനക്കാർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും, നിലവിലുള്ള വർക്ക് പെർമിറ്റുകൾ അവയുടെ കാലാവധി അവസാനിക്കുന്നതോടെ പുതുക്കി നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ജൂലൈ 20 മുതൽ താഴെ പറയുന്ന തൊഴിലുകളിലാണ് ഒമാൻ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:
- ഇൻഷുറൻസ് കമ്പനികൾ, ഇൻഷുറൻസ് ബ്രോക്കറേജ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾ മുതലായവയിലെ ഫിനാൻഷ്യൽ പദവികൾ, അഡ്മിനിസ്ട്രേറ്റീവ് പദവികൾ.
- പുതിയതും, പഴയതുമായ വാഹനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട മുഴുവൻ തൊഴിലുകളും.
- പുതിയതും, പഴയതുമായ വാഹനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് പദവികൾ.
- ഓട്ടോ ഏജൻസികളിലെ സ്പെയർ പാർട്സ് വിൽപ്പനയുമായി ബന്ധപ്പെട്ട തൊഴിലുകൾ.
- ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ കസ്റ്റമർ സർവീസ് തൊഴിലുകൾ, കാഷ്യർ, കറൻസി എക്സ്ചേഞ്ച് തൊഴിലുകൾ, അഡ്മിനിസ്ട്രേഷൻ പദവികൾ, ഷെൽഫുകളിൽ സാധനങ്ങൾ അടക്കിവെക്കുന്ന തൊഴിലുകൾ മുതലായവ.
- ഇന്ധന വിതരണം, കാർഷിക വിളകൾ, മറ്റു കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ, ഭക്ഷണസാധനങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളിലെ ഡ്രൈവിംഗ് തൊഴിലുകൾ.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഇത്തരം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തുന്നതിനുള്ള ‘2021/8’, ‘2021/9’ എന്നീ മന്ത്രിസഭാ തീരുമാനങ്ങൾ ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഈ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുളള പരിശോധനകൾ ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.