ഒമാനിൽ 2021-ലെ ഈദുൽ അദ്ഹ ജൂലൈ 20-നായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് (MERA) അറിയിച്ചു. ജൂലൈ 10, ശനിയാഴ്ച്ച വൈകീട്ട് ചേർന്ന രാജ്യത്തെ പ്രധാന ചാന്ദ്രനിരീക്ഷണ കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് MERA ഇക്കാര്യം സ്ഥിരീകരിച്ചത്.
മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്സ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സൽമിയുടെ നേതൃത്വത്തിലാണ് ചാന്ദ്രനിരീക്ഷണ കമ്മിറ്റി യോഗം ചേർന്നത്. ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി യോഗത്തിൽ സ്ഥിരീകരിച്ചു.
ഇതിനാൽ 2021 ജൂലൈ 11, ഞായറാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് MERA വ്യക്തമാക്കി. ഈദുൽ അദ്ഹ 2021 ജൂലൈ 20, ചൊവ്വാഴ്ച്ചയായിരിക്കുമെന്നും MERA കൂട്ടിച്ചേർത്തു.
2021 ജൂലൈ 11, ഞായറാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് സൗദി അറേബ്യയിലെ സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്. ഇതിനാൽ 2021-ലെ ഈദുൽ അദ്ഹ ജൂലൈ 20-നായിരിക്കുമെന്നും സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്.