യു എ ഇ: എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവർ ഉൾപ്പടെ എട്ട് വിഭാഗം യാത്രികർക്ക് പ്രവേശനാനുമതി നൽകിയതായി വ്യോമയാനവകുപ്പ്

featured GCC News

യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക അനുമതികളോടെ യു എ യിലേക്ക് പ്രവേശനം അനുവദിച്ചിരുന്ന വിഭാഗങ്ങളിലേക്ക് എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവരെ കൂടി ഉൾപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ ഒരു വിജ്ഞാപനം ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

നേരത്തെ ഇത്തരം ഇളവുകൾ നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക് പുറമെ എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവർ, പ്രദർശകർ, മേളയുടെ സംഘാടകരുടെ പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ളവർ തുടങ്ങിയവർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഈ വിഭാഗങ്ങൾക്കും ഈ ഇളവ് ബാധകമാക്കിയതായാണ് സൂചന. ഇതോടെ എട്ട് വിഭാഗം യാത്രികർക്ക് യു എ ഇ പ്രത്യേക മാനദണ്ഡങ്ങളോടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് നിലവിൽ യു എ ഇ പ്രത്യേക പ്രവേശനാനുമതി നൽകിയിരിക്കുന്നത്:

  • എക്സ്പോ 2020-യിൽ പങ്കെടുക്കുന്നവർ, പ്രദർശകർ, മേളയുടെ സംഘാടകരുടെ പ്രത്യേക ക്ഷണം ലഭിച്ചിട്ടുള്ളവർ.
  • യു എ ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ.
  • നയതന്ത്ര ഉദ്യോഗസ്ഥർ.
  • പ്രത്യേക അനുമതിയുള്ള ഔദ്യോഗിക സംഘങ്ങൾ.
  • യു എ ഇയിൽ ഗോൾഡൻ, സിൽവർ റെസിഡൻസി പെർമിറ്റുകൾ ഉള്ളവർ.
  • വിദേശ വിമാനക്കമ്പനികളുടെ ജീവനക്കാർ.
  • ജനറൽ അതോറിറ്റി ഫോർ സെക്യൂരിറ്റി ഓഫ് പോർട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസിൽ നിന്നുള്ള പ്രത്യേക അനുവാദമുള്ള ബിസിനസ്സുകാർ.
  • ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മര്‍മ്മപ്രധാനമായ പ്രവർത്തനമേഖലകളായി അംഗീകരിച്ചിട്ടുള്ള മേഖലകളിലെ ജീവനക്കാർ.

മേല്പറഞ്ഞ വിഭാഗങ്ങളിലുള്ളവർക്ക് കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രവേശനം അനുവദിക്കുന്നത്. ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ഔദ്യോഗിക അംഗീകാരമുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച QR കോഡ് അടങ്ങിയ PCR നെഗറ്റീവ് റിസൾട്ട് മാത്രമാണ് സ്വീകരിക്കുന്നത്. ഇവർക്ക് യു എ ഇയിൽ എത്തിയ ഉടനെയും, നാലാം ദിനത്തിലും, എട്ടാം ദിനത്തിലും PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർക്ക് പത്ത് ദിവസത്തെ ക്വാറന്റീൻ ബാധകമാണ്.